Home കർണാടക ബെംഗളൂരു മെട്രോ തിരക്കിന് പരിഹാരം; ഗ്രീൻ ലൈനില്‍ ആഗസ്റ്റോടെ 3 പുതിയ ട്രെയിനുകള്‍

ബെംഗളൂരു മെട്രോ തിരക്കിന് പരിഹാരം; ഗ്രീൻ ലൈനില്‍ ആഗസ്റ്റോടെ 3 പുതിയ ട്രെയിനുകള്‍

by ടാർസ്യുസ്

ബെംഗളൂരു: ആഗസ്റ്റോടെ ഗ്രീൻ ലൈനില്‍ ആറ് കോച്ചുള്ള മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ.ചൈന റെയില്‍വേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷൻ (സി.ആർ.ആർ.സി) നിർമ്മിച്ച ആദ്യ പ്രോട്ടോടൈപ്പ് ട്രെയിനുള്‍പ്പെടെയാണ് എത്തുക. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ ട്രെയിൻ ബെംഗളൂരുവിലെത്തിച്ചത്.സി.ആർ.ആർ.സി – ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് മെട്രോയ്ക്ക് ആകെ 21 ട്രെയിനുകള്‍ നല്‍കുന്നുണ്ട്. അതിലെ ആദ്യ ബാച്ചാണിത്. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ മെട്രോയിലെ തിരക്ക് ഒരുപരിധി വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ചെന്നൈ തുറമുഖത്ത് നിന്ന് ബെംഗളൂരിലേക്ക് എത്തിക്കുന്നതിടയില്‍ ചില കേടുപാടുകള്‍ ട്രെയിനുകള്‍ക്ക് സംഭവിച്ചിരുന്നു.

ഇതാണ് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം വൈകാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. പരീക്ഷണങ്ങള്‍ നടത്താൻ ആവശ്യത്തിന് സമയം കിട്ടാതിരുന്നതും തിരിച്ചടിയായി. നിലവില്‍ സർവീസ് നടത്തുന്ന പാതയായതിനാല്‍ വാണിജ്യ സർവീസുകള്‍ ഇല്ലാത്ത രാത്രി സമയങ്ങളില്‍ മാത്രമാണ് ട്രയല്‍ റണ്‍ സാധ്യമായത്. ദിവസവും 4 മണിക്കൂർ വീതം ആഴ്ചയില്‍ 4-5 ദിവസം മാത്രമാണ് ഇതിനായി ലഭിച്ചത്.നിലവില്‍ ഒസിലേഷൻ ട്രയലുകള്‍ വിജയകരമായി പൂർത്തിയാക്കിയതായും റെയില്‍വേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായും ബിഎംആർസി അറിയിച്ചു. സിഗ്നലിംഗ് പരിശോധനകളും കഴിഞ്ഞു. എങ്കിലും ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എടിഒ) മോഡില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടിരുന്നു. സിഗ്നലിംഗ് പങ്കാളിയായ അല്‍സ്റ്റോം കമ്പനി ഇത് പരിഹരിച്ചുവരികയാണ്. ഇതിനുശേഷം ചീഫ് മെട്രോ റെയില്‍വേ സേഫ്റ്റി (സിഎംആർഎസ്) പരിശോധന നടക്കും. അവരുടെ അനുമതി ലഭിക്കുന്നതോടെ ആഗസ്റ്റില്‍ തന്നെ ഈ മൂന്ന് ട്രെയിനുകളും ട്രാക്കിലിറക്കും.

പുതിയതായി വരുന്ന 21 സി.ആർ.ആർ.സി ട്രെയിനുകളും പൂർണ്ണമായും ഗ്രീൻ ലൈനില്‍ മാത്രമായിരിക്കും സർവീസ് നടത്തുക. ഇതിനാവശ്യമായ സ്പെയർ പാർട്സുകളും മറ്റ് സാങ്കേതിക സൗകര്യങ്ങളും പീനിയ ഡിപ്പോയില്‍ മാത്രമായി കേന്ദ്രീകരിക്കും. ഇപ്പോള്‍ ഗ്രീൻ ലൈനില്‍ ഉള്ള 17 ബി.ഇ.എം.എല്‍ ട്രെയിനുകള്‍ ഘട്ടഘട്ടമായി പർപ്പിള്‍ ലൈനിലേക്ക് മാറ്റും. ചല്ലഘട്ട മുതല്‍ വൈറ്റ്‌ഫീല്‍ഡ് വരെയുള്ള പർപ്പിള്‍ ലൈനാണ് ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ പാത.നിലവില്‍ പർപ്പിള്‍, ഗ്രീൻ ലൈനുകളിലായി ആകെ 57 ട്രെയിനുകള്‍ മാത്രമാണുള്ളത്. 77 കിലോമീറ്റർ വരുന്ന ഈ പാതകളില്‍ യഥാർത്ഥത്തില്‍ ഒരു കിലോമീറ്ററിന് ഒരു ട്രെയിൻ എന്ന നിരക്കില്‍ സർവീസ് ആവശ്യമാണ്. ശേഷിക്കുന്ന ട്രെയിനുകളുടെ നിർമ്മാണം പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് ഫാക്ടറിയില്‍ വേഗത്തില്‍ നടക്കുന്നുണ്ട്. വരുന്ന ഡിസംബറോടെ 8 മുതല്‍ 10 വരെ ട്രെയിനുകള്‍ കൂടി ബെംഗളൂരുവിലെത്തും.

2027 ജൂണ്‍ ആണ് കരാർ കാലാവധി എങ്കിലും 2027 മാർച്ചോടെ മുഴുവൻ ട്രെയിനുകളും എത്തിക്കാനാണ് മെട്രോ അധികൃതർ ലക്ഷ്യമിടുന്നത്.പിങ്ക് ലൈൻ ഉദ്ഘാടനം ആഗസ്റ്റ് 15ഓടെ നടത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കലേന അഗ്രഹാര മുതല്‍ തവരെക്കെരെ വരെയുള്ള 7.5 കിലോമീറ്റർ വരുന്ന എലിവേറ്റഡ് പാതയാണിത്. ഡ്രൈവറില്ലാതെ ഓടിക്കാനാകുന്ന 6 ട്രെയിനുകള്‍ ബി.ഇ.എം.എല്‍ ഇതിനകം മെട്രോയ്ക്ക് കൈമാറിക്കഴിഞ്ഞു.ട്രെയിൻ കണ്‍ട്രോള്‍ സിഗ്നലിംഗ് സിസ്റ്റത്തിന് റെയില്‍വേ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരം ഉടൻ ലഭിക്കും. അതിനുശേഷമേ ആർ.ഡി.എസ്.ഒ ഇടക്കാല വേഗത സർട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. അടുത്ത ആഴ്ചയോടെ ഈ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തവരെക്കെരെ മുതല്‍ നാഗവാര വരെയുള്ള 13.7 കിലോമീറ്റർ ഭൂഗർഭ പാതയുടെ നിർമ്മാണം 2027 മാർച്ചില്‍ മാത്രമേ പൂർത്തിയാകൂ.

You may also like

error: Content is protected !!
Join Our WhatsApp Group