ബെംഗളൂരു: ഒരുവശത്ത് ബെംഗളൂരുവിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റാൻ ഒരുങ്ങുമ്പോള്‍, മറുവശത്ത് നഗരത്തിന് പുതിയൊരു മുഖം സമ്മാനിക്കാനുള്ള വലിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു എൻജിഒ.ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒയായ അണ്‍ബോക്‌സിംഗ് ബിഎല്‍ആറാണ് അത്തരമൊരു നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ബ്ലൂം അവന്യൂ’ എന്ന പേരില്‍ മൈസൂരു-മഗഡി റോഡിലെ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് 6,000 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.ബെംഗളൂരു ടണല്‍ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറില്‍ നിന്ന് സില്‍ക്ക് ബോർഡിലേക്കുള്ള ഉയരപ്പാതയ്ക്കായി 749 ഓളം മരങ്ങളും വെട്ടിമാറ്റേണ്ടിവരുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഈ ഹരിത സംരംഭം ശ്രദ്ധേയമാകുന്നത്.
നഗരത്തില്‍ മരങ്ങള്‍ അപൂർവ കാഴ്‌ചയായി മാറുന്ന സാഹചര്യത്തില്‍, പുതിയ വികസന മേഖലകളെ തുടക്കം മുതല്‍ തന്നെ ഹരിതവല്‍ക്കരിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.എൻജിഒയുടെ സിഇഒ മാലിനി ഗോയല്‍ പറയുന്നതനുസരിച്ച്, ഇതിനകം തന്നെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ പച്ചപ്പ് കൂട്ടുന്നത് പരിമിതമായ ഫലം മാത്രമെ നല്‍കൂ. എന്നാല്‍ ഇപ്പോള്‍ വികസിച്ചുവരുന്ന ഒരു റോഡ് കോറിഡോറില്‍ തുടക്കം മുതല്‍ തന്നെ ഹരിത ഇടനാഴി രൂപകല്‍പ്പന ചെയ്യാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.’ഒരുകാലത്ത് ബെംഗളൂരു ‘ഗാർഡൻ സിറ്റി’ എന്നറിയപ്പെട്ടിരുന്നത് വെറുതെയല്ല. അന്ന് വെറും മരങ്ങള്‍ നട്ടതല്ല, മരങ്ങളാല്‍ സമ്പന്നമായ ഇടനാഴികളാണ് രൂപകല്‍പ്പന ചെയ്‌തുത്. ആ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം’ മാലിനിയെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുടെ ആദ്യഘട്ട നടപടികള്‍ എൻജിഒ സ്വീകരിച്ചു കഴിഞ്ഞു.പദ്ധതിയുടെ ഭാഗമായി പ്രധാനമായും തദ്ദേശീയ ഇനങ്ങളായ ഏഴ് തരം മരങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ചമ്പകം, ബൗഹീനിയ, കാർഡിയ സെബെസ്‌റ്റെന, പ്രൈഡ് ഓഫ് ഇന്ത്യ, ടാബെബൂയ തുടങ്ങിയ മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ബെംഗളൂരു വികസന അതോറിറ്റിയുടെ വനവിഭാഗത്തില്‍ നിന്നാണ് തൈകള്‍ സൗജന്യമായി ലഭ്യമാക്കിയത്.ഈ മരങ്ങള്‍ ആറ് വ്യത്യസ്‌ത കളർ കോറിഡോറുകള്‍ ആയി ക്രമീകരിച്ചിരിക്കും. മഞ്ഞ, പർപ്പിള്‍, പിങ്ക്, കടുംചുവപ്പ്, ലാവൻഡർ തുടങ്ങിയ നിറങ്ങളില്‍ വിവിധ സീസണുകളില്‍ പൂക്കള്‍ വിരിയുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ ചമ്പകം പൂക്കുമ്പോള്‍, ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഫ്ലെയിം ഓഫ് ദ ഫോറസ്‌റ്റും പൂത്തുനില്‍ക്കുന്ന.സെപ്റ്റംബർ മുതല്‍ നവംബർ വരെ ബൗഹീനിയയും പൂക്കും. ഇതിലൂടെ വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും റോഡിന് ഇരുവശവും നിറപ്പകിട്ടാർന്ന ഹരിത കാഴ്‌ചയൊരുക്കാനാണ് ലക്ഷ്യം.പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ സ്ഥലനിർണയം, ഹോർട്ടികള്‍ച്ചർ വിദഗ്‌ധരുടെ നിർദേശങ്ങള്‍, അനുയോജ്യമായ ഇനങ്ങളുടെ തിരഞ്ഞെടുപ്പ്, ബജറ്റ് അന്തിമമാക്കല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ പൂർത്തിയായി.നിലവില്‍ എല്ലാ തൈകളും നട്ടുകഴിഞ്ഞതായും മൂന്ന് വർഷത്തെ പരിപാലന പ്രവർത്തനങ്ങള്‍ ആരംഭിച്ചതായും മാലിനി ഗോയല്‍ അറിയിച്ചു. രണ്ടാം ഘട്ടം പൂർത്തിയായാല്‍ പദ്ധതിയുടെ സാമൂഹിക-പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർന്ന് ഈ ഹരിത ഇടനാഴിയുടെ പരിപാലനം ബിഡിഎ ഏറ്റെടുക്കും.രാസവളങ്ങളുടെയും മറ്റ് രാസ ഇടപെടലുകളുടെയും ആവശ്യം കുറവുള്ള തദ്ദേശീയ ഇനങ്ങള്‍ക്കാണ് മുൻഗണന നല്‍കിയിരിക്കുന്നതെന്ന് ഇതിന്റെ പിന്നില്‍ പ്രവർത്തിച്ചവർ പറയുന്നു. ഈ മരങ്ങള്‍ വളർന്ന് പന്തലിക്കുമ്പോള്‍ വിവിധ പക്ഷികള്‍ക്കും പരാഗണം നടത്തുന്ന ജീവികള്‍ക്കും ആവാസവ്യവസ്ഥയൊരുക്കുന്നതിനൊപ്പം നഗരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.