ചെന്നൈ: പിറന്നാളുകാരനെ വിളിച്ച് ആശംസ അറിയിച്ചാല്‍ മാത്രം പോരാ, അത് മാലോകരെ അറിയിക്കാനായി സമൂഹ മാദ്ധ്യമങ്ങളില്‍ കൂടി വിളംബരം ചെയ്യണം പ്രത്യേകിച്ച് പിറന്നാളുകാരൻ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ആകുമ്പോള്‍. അങ്ങനെ സമൂഹ മാദ്ധ്യമങ്ങളില്‍ കൂടി ആശംസകള്‍ അറിയിക്കാത്തതിന്റെ പേരില്‍ ‘പഴി’ കേള്‍ക്കേണ്ടി വന്നത് സൂപ്പർ സ്റ്റാർ രജനികാന്തിനും.പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കമലഹാസൻ തുടങ്ങിയവരൊക്കെ വിജയ്‌ക്ക് പിറന്നാള്‍ ആശസംകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ നേർന്നപ്പോള്‍ രജനികാന്ത് അങ്ങനെ ചെയ്തില്ല. മുഖ്യമന്ത്രിയായ ശേഷം വിജയ്‌യുടെ ആദ്യ പിറന്നാളായിരുന്നു 22ന്. രജനികാന്തിന് വിജയ് മുഖ്യമന്ത്രിയായത് ഇഷ്ടമാകാത്തതുകൊണ്ടാണ് ആശംസ നേരാത്തത് എന്ന രീതിയില്‍ പ്രചാരണം കൊഴുത്തപ്പോള്‍ ഗതികെട്ട് രജനികാന്ത് തന്നെ രംഗത്തെത്തി.
ഞാൻ അദ്ദേഹത്തിന് ഫോണ്‍ വഴി ആശംസകള്‍ നേർന്നുഎന്ന് പറയേണ്ടി വന്നു.ഇന്നലെ ചെന്നൈയില്‍ തന്റെ പുതിയ ചിത്രം ‘ധർമ്മൻ’ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂപ്പർസ്റ്റാർ കിംവദന്തികള്‍ക്ക് മറുപടി നല്‍കിയത്.താൻ പറയുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ചർച്ചയാകുന്നതിനാല്‍ പൊതു ഇടപെടലുകളെ ഇപ്പോള്‍ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്ന് രജനി പറഞ്ഞു. ‘ആരെങ്കിലും എന്നെ സംസാരിക്കാൻ വിളിക്കുന്നുവെന്ന് പറയുമ്പോള്‍, എനിക്ക് മടിയാണ് തോന്നുന്നത്. കാരണം ഞാൻ സംസാരിക്കുമ്പോഴെല്ലാം, അത് നിങ്ങള്‍ക്കോ എനിക്കോ ഒരു പ്രശ്നമായി മാറുന്നു.’ എന്നാല്‍ മൗനം പാലിക്കാമെന്നു വച്ചാലോ അതും പ്രശ്നമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാൻ മിണ്ടാതിരുന്നാല്‍, അവർ എന്നെ കളിയാക്കും, എന്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തത്? അദ്ദേഹം വായില്‍ ഒരു കൊഴുക്കട്ടയാണോ?’ – ചിരിപടർത്തികൊണ്ട് അദ്ദേഹം പറഞ്ഞു.”ഞാൻ സംസാരിച്ചാല്‍, ചിലർ പറയും, അദ്ദേഹം ഇപ്പോള്‍ എന്തിനാണ് സംസാരിച്ചത്? മറ്റുള്ളവർ പറയും അദ്ദേഹം സംസാരിക്കാൻ പാടില്ലായിരുന്നു.
എനിക്ക് ഒരു കാര്യം മനസ്സിലായി: നമ്മളെ ഇഷ്ടപ്പെടാത്ത ആളുകള്‍ എന്തു ചെയ്താലു നമ്മളെ ഇഷ്ടപ്പെടില്ല, നമ്മള്‍ എന്ത് ചെയ്താലും. നമ്മളെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് നമ്മള്‍ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടുമെന്ന് കരുതുന്നതും മണ്ടത്തരമാണ്. അതുകൊണ്ട് ജാഗ്രത പാലിക്കണം.”തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വിജയ് മുഖ്യമന്ത്രിയാകാതിരിക്കാൻ രജനികാന്ത് ശ്രമിച്ചുവെന്നു വരെ പ്രചാരണമുണ്ടായി. അതെല്ലാം നിഷേധിക്കാൻ അദ്ദേഹത്തിന് പോയസ് ഗാർഡൻ വസതിയില്‍ വാർത്താസമ്മേളനം വിളിക്കേണ്ടി വന്നു.വിജയ് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിജയ്‌യോട് അസൂയയുണ്ടോ എന്ന് ചോദ്യം വന്നപ്പോള്‍,”ഞാൻ രാഷ്ട്രീയത്തില്‍ പോലുമില്ല, പിന്നെ എന്തിനാണ് വിജയ്‌യോട് അസൂയപ്പെടുന്നത്? ഒരുപക്ഷേ കമല്‍ മുഖ്യമന്ത്രിയായാല്‍ എനിക്ക് അസൂയ തോന്നിയേക്കാം. വിജയ്‌യും ഞാനും തമ്മില്‍ 25 വർഷത്തെ തലമുറ വിടവുണ്ട്. നമ്മള്‍ മത്സരിച്ചാല്‍ അത് നല്ലതായി തോന്നില്ല.” എന്ന മറുപടിയാണ് നല്‍കിയത്.കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റർനാഷണല്‍ നിർമ്മിച്ച് അശ്വത് മാരിമുത്തു സംവിധാനം ചെയ്ത സിനിമയാണ് ‘ധർമ്മൻ’.