ബെംഗളൂരു: വിദ്യാർത്ഥികള്‍ നീറ്റ് പരീക്ഷയ്ക്ക് നേരം വൈകിയെത്തിയതിന് കാരണം ട്രാഫിക് പ്രശ്നമല്ലെന്ന് കണ്ടെത്തി ബെംഗളൂരു ട്രാഫിക് പോലീസിന്റെ ‘ഫാക്‌ട് ചെക്ക്’.വിദ്യാർത്ഥികളുടെ റൂട്ട് മാപ്പും, സിസിടിവി ദൃശ്യങ്ങളും പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പരീക്ഷാ കേന്ദ്രത്തിനു മുന്നില്‍ നിന്ന് കരയുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് വസ്തുത അന്വേഷിക്കാൻ ബംഗളൂരു ട്രാഫിക് പൊലീസ് തീരുമാനിച്ചത്. നീറ്റ് യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരാൻ കഴിയാതെ വന്നതിന് കാരണം ട്രാഫിക്കല്ലെന്ന് വിശദീകരിച്ച് പോലീസ് വസ്തുതകള്‍ പങ്കുവെച്ചു.ബംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസ് പാർട്ടിയുടെ റാലിയും സമ്മേളനവും മൂലമുണ്ടായ കനത്ത ഗതാഗതക്കുരുക്കാണ് വിദ്യാർത്ഥികള്‍ വൈകാൻ കാരണമായതെന്ന ആരോപണവുമായി പ്രതിപക്ഷവും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.
ഇതോടെ സംസ്ഥാനത്തെ ഭരണപക്ഷം പ്രതിസന്ധിയിലായി. വിദ്യാർത്ഥികളുടെ സുപ്രധാനമായ പരീക്ഷയേക്കാള്‍ സ്വന്തം രാഷ്ട്രീയ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് സർക്കാർ മുൻഗണന നല്‍കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന കുറ്റപ്പെടുത്തല്‍.പരീക്ഷാ കേന്ദ്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, വിദ്യാർത്ഥിയോടും മാതാപിതാക്കളോടും നേരിട്ട് സംസാരിച്ചും, അവർ യാത്ര ചെയ്ത റൂട്ട് കൃത്യമായി വിശകലനം ചെയ്തുമാണ് പൊലീസ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാനുള്ള അവസാന സമയം (Cut-off time) ഉച്ചയ്ക്ക് 1:30 ആയിരുന്നു. എന്നാല്‍ വിദ്യാർത്ഥി ആർടി നഗറിലെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത് 12:57-നാണ്. കട്ട് ഓഫ് സമയത്തിന് വെറും 33 മിനിറ്റ് മുൻപ് മാത്രമാണ് വിദ്യാർത്ഥി വീട്ടില്‍ നിന്നിറങ്ങിയത്.പരീക്ഷാ കേന്ദ്രത്തിലേക്ക് വേഗത്തില്‍ എത്താൻ കഴിയുന്ന എളുപ്പവഴികള്‍ ഉണ്ടായിട്ടും വിദ്യാർത്ഥിയും കുടുംബവും ദൂരക്കൂടുതലുള്ള മറ്റൊരു റൂട്ടാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തതെന്നും പോലീസ് കണ്ടെത്തി. പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചതിന് ശേഷം മൂന്ന് മിനിറ്റ് പിന്നിട്ട് 1:33-നാണ് വിദ്യാർത്ഥി എത്തിച്ചേർന്നത്. കോണ്‍ഗ്രസ് സമ്മേളനവുയി ബന്ധപ്പെട്ട് നഗരത്തില്‍ അസാധാരണമായ ഗതാഗത തടസ്സങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.
ആ സമയത്ത് ട്രാഫിക് പൂർണ്ണമായും സാധാരണ നിലയിലായിരുന്നു.നീറ്റ് പരീക്ഷ പ്രമാണിച്ച് നഗരത്തില്‍ ഗതാഗതം ശരിയാക്കാൻ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെന്നും ട്രാഫിക് പോലീസ് വിശദീകരിച്ചു. വിദ്യാർത്ഥി സഞ്ചരിച്ച റൂട്ടിലുടനീളം ട്രാഫിക് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടായിരുന്നു. വാഹനങ്ങള്‍ തടസ്സമില്ലാതെ കടന്നുപോകാൻ അവർ കൃത്യമായി സഹായിക്കുന്നുണ്ടായിരുന്നുവെന്നും സിസിടിവിയില്‍ വ്യക്തമാണ്.ജൂണ്‍ 21-ന് നടന്ന നീറ്റ് പുനഃപരീക്ഷയില്‍ ഗേറ്റ് അടച്ചതിന് ശേഷം എത്തിയ മൂന്ന് വിദ്യാർത്ഥികള്‍ക്കാണ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയത്. ഇവർ മൂന്നുപേരും അടച്ച ഗേറ്റിനു പുറത്ത് നിന്ന് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.ബെംഗളൂരു പോലീസിന്റെ വിശദീകരണം”സിസിടിവി വിശകലനത്തിലൂടെയും റൂട്ട് പരിശോധനയിലൂടെയും നീറ്റ് പരീക്ഷാർത്ഥി നിശ്ചിത സമയത്തിന് ശേഷമാണ് കേന്ദ്രത്തിലെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നഗരത്തിലെ ഗതാഗത സാഹചര്യം സാധാരണ നിലയിലായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ വാഹനങ്ങള്‍ കടന്നുപോകാൻ പരമാവധി സൗകര്യം ഒരുക്കിയിരുന്നു. വീട്ടില്‍ നിന്ന് വളരെ വൈകി ഇറങ്ങിയതും തെറ്റായ റൂട്ട് തിരഞ്ഞെടുത്തതുമാണ് പരീക്ഷ മുടങ്ങാൻ പ്രധാന കാരണം.”