Home കർണാടക ബെംഗളൂരുവില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ചുറ്റും നിരോധനാജ്ഞ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

ബെംഗളൂരുവില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ചുറ്റും നിരോധനാജ്ഞ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

by ടാർസ്യുസ്

ബെംഗളൂരു: ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് (NEET) പുനഃപരീക്ഷയോടനുബന്ധിച്ച്‌ ബെംഗളൂരു നഗരത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ചുറ്റും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പരീക്ഷ യാതൊരു തടസ്സങ്ങളുമില്ലാതെ സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് സിറ്റി പോലീസിന്റെ ഈ നടപടി.ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിലെ (BNSS) സെക്ഷൻ 163 പ്രകാരമാണ് ഉത്തരവ്. നേരത്തെ ക്രിമിനല്‍ നടപടിച്ചട്ടം 144 എന്നറിയപ്പെട്ടിരുന്ന നിരോധനാജ്ഞയുടെ അതേ നിയമനടപടിക്രമമാണ് ഈ വകുപ്പിലൂടെ നടപ്പാക്കുന്നത്.നഗരത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടെയും 200 മീറ്റർ ചുറ്റളവില്‍ ഈ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകും.

പരീക്ഷാ കേന്ദ്രത്തിന് സമീപം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് കർശന വിലക്കുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിക്കുള്ളില്‍ പ്രവർത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് കടകള്‍, സൈബർ കഫേകള്‍, കമ്പ്യൂട്ടർ സെന്ററുകള്‍ എന്നിവ പരീക്ഷാ സമയത്ത് പൂർണ്ണമായും അടച്ചിടണമെന്ന് ഉത്തരവില്‍ പ്രത്യേകം വ്യവസ്ഥ ചെയ്യുന്നു. കോപ്പിയടിയും ചോദ്യപേപ്പർ ചോർച്ചയും ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനാണ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഇന്റർനെറ്റ് – പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പരീക്ഷാർത്ഥികള്‍ക്കും ഡ്യൂട്ടിയിലുള്ള ഔദ്യോഗിക ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്തേക്ക് പ്രവേശനം അനുവദിക്കുക. വിലക്ക് ലംഘിച്ച്‌ അനധികൃതമായി ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികള്‍ കൃത്യസമയത്ത് തന്നെ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group