ബെംഗളൂരു നഗരത്തിലെ ജനങ്ങളുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് വ്യാഴാഴ്ച മുതല്‍ ബേക്കറികളും ചായക്കടകളും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു.ഗുണ്ടാപ്പിരിവും പോലീസ് ഉള്‍പ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ നിരന്തരമായ പീഡനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ വ്യാപാര സംഘടനകളുടെ നേതൃത്വത്തില്‍ കടയടപ്പ് സമരം. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിക്കു സമരം ആരംഭിക്കും.ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളാണ് പ്രഭാത ഭക്ഷണത്തിനും ചായയ്ക്കുമായി ഈ കടകളെ ആശ്രയിക്കുന്നത്. ദിവസവും അതിരാവിലെ ജോലിക്ക് പോകുന്ന ഐടി ജീവനക്കാർ, നിർമ്മാണ തൊഴിലാളികള്‍, വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികള്‍ എന്നിവരെയെല്ലാം സമരം ബാധിക്കും.
ബേക്കറി ഉല്‍പ്പന്നങ്ങളുടെയും പാലിന്റെയും വിതരണം തടസ്സപ്പെടുന്നത് നഗരവാസികളെ പ്രതിസന്ധിയിലാക്കും.ബെംഗളൂരുവിലെ ചെറുകിട ബേക്കറി ഉടമകള്‍ വളരെക്കാലമായി നേരിടുന്ന വെല്ലുവിളിയാണ് ഗുണ്ടാസംഘങ്ങളുടെ ഭീഷണി. കടകളില്‍ എത്തി സ്ഥിരമായി പണം ആവശ്യപ്പെടുന്ന ‘ഹഫ്ത’ സമ്പ്രദായം ഇപ്പോഴും സജീവമാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ പലതവണ പരാതികള്‍ നല്‍കിയിട്ടും സുരക്ഷ ഉറപ്പാക്കാൻ നിയമപാലകർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ഇത് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നുവെന്ന് ഇവർ പറയുന്നു.പോലീസുകാരുടെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും കടുത്ത പരിശോധനകളുടെ പേരില്‍ ഉദ്യോഗസ്ഥർ ഭീതി പടർത്തുകയാണ് ചെയ്യുന്നതെന്നും ഇവർ പരാതിപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കടകളെ നിരന്തരം ലക്ഷ്യമിടുകയും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വ്യാപാരി സംഘടനകളുടെ ആരോപണം.
നിരവധി മലയാളികളെ സമരം ബാധിക്കുംബേക്കറികളിലും അവയോട് അനുബന്ധിച്ചുള്ള പെട്ടിക്കടകളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നയത്തിലെ അവ്യക്തതയാണ് മറ്റൊരു പ്രതിസന്ധി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കടകളില്‍ സൂക്ഷിക്കാനും വില്‍ക്കാനും വ്യാപാരികള്‍ക്ക് നിയമപരമായ അനുമതിയുണ്ടോ എന്നതില്‍ യാതൊരു വ്യക്തതയുമില്ല. ഇത്തരം വ്യക്തതക്കുറവ് കാരണം പരിശോധന നടത്താൻ എത്തുന്ന പല ഉദ്യോഗസ്ഥരും വ്യാപാരികളില്‍ നിന്ന് വൻ തുക പിഴ ഈടാക്കുകയും സാധനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നു.ഈ വിഷയത്തില്‍ സർക്കാർ എത്രയും വേഗം വ്യക്തമായ ഒരു നയം പുറപ്പെടുവിക്കണം. ഒന്നെങ്കില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ സംസ്ഥാനത്തുടനീളം ഇതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഈ ആശയക്കുഴപ്പം അവസാനിപ്പിക്കുക എന്നതാണ് കടയുടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
കണ്ണൂർ, കോഴിക്കോട് ഉള്‍പ്പെടെയുള്ള മലബാർ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് മലയാളി വ്യാപാരികളാണ് ബെംഗളൂരു നഗരത്തിലെ ബേക്കറികളും ചായക്കടകളും നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിലുണ്ടാകുന്ന ഏതൊരു സമരവും നൂറുകണക്കിന് മലയാളി കുടുംബങ്ങളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. കടകള്‍ അടച്ചിടേണ്ടി വരുന്നത് ഇവർക്ക് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കും.ഇതേസമയം തന്നെ നഗരത്തിലെ പ്രധാന വിപണിയായ കെ.ആർ മാർക്കറ്റിലും കർഷകരും ചെറുകിട വ്യാപാരികളും കനത്ത പ്രതിഷേധത്തിലാണ്. മാർക്കറ്റില്‍ ഏർപ്പെടുത്തിയ പുതിയ പാർക്കിംഗ് സംവിധാനം മൂലം കർഷകരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിനെതിരെയാണ് ഇവിടെ സമരം.