ബെംഗളൂരുവിലെ നമ്മ മെട്രോ മൂന്നാം ഘട്ട വികസന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ഉടൻ ലഭിച്ചേക്കുമെന്ന പ്രതീക്ഷ.പദ്ധതിയുടെ പുതുക്കിയ രൂപരേഖ സാമ്പത്തികമായി ഇപ്പോഴും പ്രായോഗികവും ലാഭകരവുമാണെന്ന് റൈറ്റ്സ് ലിമിറ്റഡ് തയ്യാറാക്കിയ കരട് റിപ്പോർട്ടില്‍ പറയുന്നത്. മെട്രോ പാതയ്ക്കൊപ്പം ഫ്ലൈഓവറും ഉള്‍ക്കൊള്ളുന്ന ഡബിള്‍ ഡെക്കർ കോറിഡോർ ചേർത്ത ശേഷവും പദ്ധതി കേന്ദ്ര സർക്കാർ നിശ്ചയിച്ച സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി റിപ്പോർട്ടില്‍ കണ്ടെത്തി.44.65 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ സാമ്പത്തിക ആന്തരിക വരുമാന നിരക്ക് 15.9 ശതമാനമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി മെട്രോ പദ്ധതികള്‍ക്ക് കുറഞ്ഞത് 14 ശതമാനം ഇഐആർആർ വേണമെന്നതാണ് മാനദണ്ഡം.
അതിനാല്‍ പുതുക്കിയ പദ്ധതിയും ആവശ്യമായ സാമ്പത്തിക യോഗ്യത നിലനിർത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.2024 സെപ്റ്റംബർ 13-നാണ് കേന്ദ്ര സർക്കാർ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ അന്ന് ഡബിള്‍ ഡെക്കർ കോറിഡോർ പദ്ധതിയുടെ ഭാഗമായിരുന്നില്ല. പിന്നീട് ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ മുൻകൂട്ടി കണക്കിലെടുത്തും കർണാടക സർക്കാർ പദ്ധതിയില്‍ ഡബിള്‍ ഡെക്കർ സംവിധാനം ഉള്‍പ്പെടുത്താൻ തീരുമാനിച്ചു. ഇതോടെ പദ്ധതിച്ചെലവ് ഏകദേശം 9,700 കോടി രൂപ വർധിച്ചു.ഡബിള്‍ ഡെക്കർ സംവിധാനത്തില്‍ താഴത്തെ നിലയില്‍ മെട്രോ പാതയും മുകളിലായി ഫ്ലൈഓവറും നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇത് നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനവും ശക്തിപ്പെടുത്തുമെന്നാണ് കർണാടക സർക്കാരിന്റെ വാദം.എന്നാല്‍ ഈ നിർദേശത്തില്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് ചില ആശങ്കകള്‍ ഉയർത്തിയിരുന്നു. ഫ്ലൈഓവർ വന്നാല്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാൻ താല്‍പര്യപ്പെടുകയും അതുവഴി മെട്രോ യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്യുമോയെന്നായിരുന്നു പ്രധാന സംശയം. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ സാമൂഹ്യ-സാമ്പത്തിക പ്രായോഗികത വിശദമായി പഠിക്കാൻ റൈറ്റ്സിനെ ചുമതലപ്പെടുത്തിയത്.റൈറ്റ്സ് നടത്തിയ പഠനത്തില്‍ ഡബിള്‍ ഡെക്കർ കോറിഡോർ ഉള്‍പ്പെടുത്തിയതോടെ ഇഐആർആർ 17.04 ശതമാനത്തില്‍ നിന്ന് 15.9 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി.
എന്നിരുന്നാലും കേന്ദ്ര മാനദണ്ഡത്തേക്കാള്‍ ഉയർന്ന നിരക്കായതിനാല്‍ പദ്ധതി ഇപ്പോഴും സാമ്പത്തികമായി ശക്തമാണെന്നാണ് റിപ്പോർട്ടിന്റെ നിഗമനം. ഇതോടെ കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.നമ്മ മെട്രോ മൂന്നാം ഘട്ടത്തില്‍ രണ്ട് പ്രധാന ഇടനാഴികളാണുള്ളത്. ആദ്യത്തേത് ജെപി നഗർ നാലാം ഘട്ടത്തില്‍ നിന്ന് ഔട്ടർ റിങ് റോഡ് വഴി കെംപാപുരയിലേക്ക് പോകുന്ന 32.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ്. രണ്ടാമത്തേത് മഗഡി റോഡ് വഴി ഹൊസഹള്ളി മുതല്‍ കടബാഗെരെ വരെ നീളുന്ന 12.15 കിലോമീറ്റർ കോറിഡോറാണ്. അതിവേഗം വികസിക്കുന്ന ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതകള്‍ നഗരത്തിലെ പൊതുഗതാഗത ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.വിഷയം അടുത്തിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി മനോഹർ ലാല്‍ ഖട്ടാറുമായി നടത്തിയ കൂടിക്കാഴ്ചയിലും ചർച്ചയായി.
ഡബിള്‍ ഡെക്കർ കോറിഡോറിന് എത്രയും വേഗം അനുമതി നല്‍കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. ബെംഗളൂരുവിന്റെ ഭാവി വികസനത്തിനും വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ക്കും പദ്ധതി നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, നമ്മ മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ പുതുക്കിയ ചെലവും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. രണ്ടാം ഘട്ടത്തിന്റെ ചെലവ് 40,425.02 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നും ഇതിനും കേന്ദ്ര അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.റൈറ്റ്സ് റിപ്പോർട്ട് അനുകൂലമായതോടെ നമ്മ മെട്രോ മൂന്നാം ഘട്ടം നേരിട്ടിരുന്ന ഏറ്റവും വലിയ തടസങ്ങളിലൊന്ന് മറികടന്നതായി വിലയിരുത്തപ്പെടുന്നു. കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ബെംഗളൂരുവിലെ പൊതുഗതാഗത വികസനത്തിന് പുതിയ ദിശ തുറക്കുകയും നഗരത്തിന്റെ ഗതാഗത സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യും.