ആരോഗ്യ സംരക്ഷണം വളരെ പ്രാധാനമാണ്. അനാരോഗ്യം ജീവിതത്തെ തളര്‍ത്തുമെന്ന് ബോധമുള്ള പുതുതലമുറ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, അതിരാവിലെയുള്ള നടത്തം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് ആരോഗ്യ സംരക്ഷണം. യോഗാഭ്യാസത്തിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരും നിരവധി. എന്നാല്‍ പൂര്‍ണ ഗര്‍ഭിണി യോഗ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഗർഭത്തിൻ്റെ 39-ാം ആഴ്ചയില്‍ അഡ്വാൻസ്ഡ് യോഗാസനങ്ങള്‍ ചെയ്യുന്നതിൻ്റെ തൻ്റെ വീഡിയോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ യോഗാധ്യാപികയായ ശശിപ്രഭ ദ്വിവേദി. സാരി ഉടുത്ത് യോഗ ചെയ്യുന്നതിൻ്റെ വീഡിയോയാണ് ദ്വിവേദി പങ്കുവെച്ചത്. ചക്രസാമടക്കം (Wheel Pose) നിരവധി യോഗാസനങ്ങളാണ് ഈ വീഡിയോയിലുള്ളത്.
സമൂഹമാധ്യമങ്ങളില്‍ 2.1 കോടിയിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.ഇൻസ്റ്റഗ്രാമില്‍ 1,81,000-ല്‍ അധികം ഫോളോവേഴ്സ് ഉള്ള ശശിപ്രഭ ദ്വിവേദി, തൻ്റെ യോഗാഭ്യാസത്തിൻ്റെയും ഫിറ്റ്നസ് യാത്രയുടെയും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. ബെംഗളൂരുവിലെ വർതൂർ റോഡില്‍ ഒരു യോഗാ സ്റ്റുഡിയോയും അവർ നടത്തുന്നുണ്ട്, അവിടെ ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.വർഷങ്ങളുടെ പരിശീലനത്തിൻ്റെ ഫലമാണ് തൻ്റെ യോഗാഭ്യാസമെന്നും ഇത് മറ്റുള്ളവർക്ക് വേണ്ടിയുള്ള ഉപദേശമായി കാണരുതെന്നും ദ്വിവേദി വീഡിയോക്ക് താഴെ കുറിച്ചു. എനിക്ക് 39 ആഴ്ച ഗർഭമുണ്ട്, ഇത് എൻ്റെ യാഥാർത്ഥ്യമാണ്. ചില ആളുകള്‍ ആസനങ്ങളെ മാത്രം കാണുന്നു. എന്നാല്‍ ശരീരത്തില്‍ ശക്തിയും അവബോധവും ക്ഷമയും വിശ്വാസവും വളർത്താൻ ഞാൻ വർഷങ്ങളെടുത്തു എന്നത് അവർ കാണുന്നില്ല,” എന്ന് ശശിപ്രഭ ദ്വിവേദി വ്യക്തമാക്കി.”ഗർഭം എന്തെങ്കിലും തെളിയിക്കാനുള്ള ഒരു മാർഗ്ഗമായിരുന്നില്ല. എനിക്ക് സന്തോഷം നല്കുന്ന രീതിയില്‍ ചലനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുകയായിരുന്നു.
ഓരോ ഗർഭകാലവും വ്യത്യസ്തമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും, ഏതൊരു വ്യായാമമുറകളും തുടങ്ങുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടണമെന്നും ശശിപ്രഭ നിര്‍ദേശിക്കുന്നു.അതേസമയം, ഗർഭകാലത്തെ വ്യായാമത്തെക്കുറിച്ച് ഈ വീഡിയോ വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടു. പ്രസവത്തോട് അടുത്ത് ഇങ്ങനെയുള്ള യോഗാസനങ്ങള്‍ സുരക്ഷിതമാണോ എന്ന് പലരും ചോദിച്ചു. “കുഞ്ഞിന് ഇത് സുരക്ഷിതമാണോ? കാഴ്ചകള്‍ക്ക് വേണ്ടി ഇത് ചെയ്യരുത്; നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കൂ,” തുടങ്ങി നിരവധി അഭിപ്രായം കമന്റായി വന്നിട്ടുണ്ട്.”നിങ്ങളുടെ കഴിവിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷേ ഗർഭകാലം ലോകത്തിന് മുന്നില്‍ പ്രദർശിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. ഒരു ഗർഭിണിയെന്ന നിലയില്‍ ഇത് തികച്ചും അനാദരവായി തോന്നുന്നു,” ഒരു കമൻ്റ് ഇങ്ങനെയായിരുന്നു.
ഗർഭത്തിൻ്റെ അവസാന ഘട്ടത്തില്‍ അഡ്വാൻസ്ഡ് യോഗാസനങ്ങള്‍ ചെയ്യുന്നത് അപകടകരമാണോ എന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചു.നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശശിപ്രഭ ദ്വിവേദിയെ പിന്തുണച്ചു. പരിചയസമ്പന്നരായ അത്ലറ്റുകളും ഫിറ്റ്നസ് പ്രൊഫഷണലുകളും ശരിയായ മാർഗ്ഗനിർദ്ദേശങ്ങളോടെ ഗർഭകാലത്ത് വ്യായാമം തുടരുന്നത് സാധാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി.”അവർ ഒരു പ്രൊഫഷണലായിരിക്കും. 39 ആഴ്ചയിലും വ്യായാമം ചെയ്യുന്നതും ഭാരം ഉയർത്തുന്നതും തികച്ചും സാധാരണമാണ്. വീഡിയോയിലെ ഇത്തരം ഉള്ളടക്കം തർക്കവിഷയമാണെങ്കിലും, ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ആളുകള്‍ ഉണ്ടാകാം,” ഒരാള്‍ കമന്റ് ചെയ്തു.