ബെംഗളൂരുവിലെ ഹെബ്ബാള്‍ ജംഗ്ഷനില്‍ നിന്ന് കർണാടക വെറ്ററിനറി, അനിമല്‍ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റിയിലേക്കുള്ള (KVAFSU) ഹ്രസ്വ തുരങ്കം എഞ്ചിനീയറിംഗ്, പ്രൊക്യുർമെൻ്റ് ആൻഡ് കണ്‍സ്ട്രക്ഷൻ (EPC) മാതൃകയില്‍ നടപ്പാക്കുമെന്ന് ബെംഗളൂരു ഡെവലപ്മെൻ്റ് അതോറിറ്റി (BDA) അറിയിച്ചു.ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയാണിത്. നേരത്തെ ഹൈബ്രിഡ് മോഡലിലാണ് ആസൂത്രണം ചെയ്തിരുന്നത്.പുതിയ ഇപിസി മോഡല്‍ അനുസരിച്ച്, പദ്ധതിയുടെ രൂപകല്‍പ്പന, നിർമ്മാണം എന്നിവയെല്ലാം ഒരു കരാറുകാരൻ തന്നെയാകും നിർവഹിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികള്‍ അടുത്തിടെ പൂർത്തിയായെങ്കിലും നിർമ്മാണച്ചെലവ് മാത്രം 53 കോടി രൂപ വർധിച്ച് 1,139 കോടി രൂപയായി.
നേരത്തേ, 1,086 കോടി രൂപയായിരുന്നു നിർമ്മാണത്തിന് കണക്കാക്കിയിരുന്നത്.വേഗത്തില്‍ പദ്ധതി നടപ്പാക്കുന്നതിനും സർക്കാരിന് കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതിനും വേണ്ടിയാണ് ഹൈബ്രിഡ് മോഡലില്‍ നിന്ന് ഇപിസിയിലേക്ക് മാറിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹൈബ്രിഡ് മാതൃകകളില്‍ ധനസഹായത്തിലും ദീർഘകാല പ്രവർത്തനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാകും.”ഇപിസി രീതിയില്‍ കർണാടക സർക്കാരിന് പദ്ധതിക്ക് നേരിട്ട് ഫണ്ട് ചെയ്യാൻ കഴിയും. വരുമാനം പങ്കുവെക്കുക, ടോള്‍ പിരിച്ചെടുക്കുക, സാമ്പത്തിക കാര്യങ്ങള്‍ പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിലെ കാലതാമസം ഈ രീതി കുറയ്ക്കും,”- ഒരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. തുരങ്കം നിർമ്മിക്കുന്നതിനുള്ള സങ്കീർണ്ണതകള്‍ പരിഗണിച്ച്, ഇപിസി മോഡലാണ് എളുപ്പമെന്നു വിലയിരുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.ഈ പദ്ധതിയുടെ കരാർ ഹൈദരാബാദ് ആസ്ഥാനമായുള്ള റിത്വിക് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്.
1,139 കോടി രൂപ രേഖപ്പെടുത്തിയ ഈ കമ്പനിയെയാണ് ടെൻഡറില്‍ വിജയിയായി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ മൊത്തം പദ്ധതിച്ചെലവ് ഇനിയും വർധിക്കില്ലെന്ന് ബിഡിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.അതേസമയം, ബല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ധന വകുപ്പ് ഉന്നയിച്ച ആശങ്കകള്‍ക്ക് ബെംഗളൂരു ഡെവലപ്മെൻ്റ് അതോറിറ്റിയും (BDA) പദ്ധതി ആസൂത്രണം ചെയ്യുന്ന ബി-സ്മൈല്‍ (BSMILE) എന്ന സ്പെഷ്യല്‍ പർപ്പസ് വെഹിക്കിളും ഇനിയും മറുപടി നല്‍കിയിട്ടില്ല. ധന വകുപ്പ് വീണ്ടും നഗരവികസന വകുപ്പിന് കത്തെഴുതും.അതേസമയം, നിലവിലെ റോഡ് വീതികൂട്ടാൻ കഴിയില്ലെന്നും ഹ്രസ്വ തുരങ്കം എയർപോർട്ട് റോഡ് വരെയുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ബിഡിഎ ഉറപ്പിച്ചു പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുൻപായി, തുരങ്കത്തിൻ്റെ കൃത്യമായ റൂട്ട്, പ്രവേശന-പുറത്തുകടക്കുന്ന സ്ഥാനങ്ങള്‍, ആഴം, ആവശ്യമായ ഭൂമി, നിലവിലുള്ള റോഡുകളിലും അടിസ്ഥാന സൗകര്യങ്ങളിലുമുണ്ടാകാൻ സാധ്യതയുള്ള ആഘാതം എന്നിവ കണ്ടെത്താൻ കരാറുകാർ സർവേ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.