ബെംഗളൂരു: ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി. പരീക്ഷ എഴുതിയിരുന്ന വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കലബുറഗി സ്വദേശി 18കാരി ഭാഗ്യശ്രീയാണ് മരിച്ചത്. ബോർഡ് പരീക്ഷയിൽ 92ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥിയാണ് ഭാഗ്യശ്രീ. സ്വന്തം അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.മകൾ നന്നായി പഠിക്കുമെന്നും പി.യു.സി. പരീക്ഷയ്ക്ക് 92 ശതമാനം മാർക്ക് ലഭിച്ചെന്നും ഭാഗ്യശ്രീയുടെ അച്ഛൻ രാജശേഖരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. നീറ്റ് പരീക്ഷ നന്നായി എഴുതിയിരുന്നു. വീണ്ടും എഴുതേണ്ടിവന്നതിലുള്ള മാനസിക സമ്മർദത്തിലായിരുന്നു മകളെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.അതേസമയം ആത്മഹത്യ കുറിപ്പൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്.ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായതിനെത്തുടർന്ന് നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ നിരവധി വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരീക്ഷ ജൂൺ 21-ന് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.