ബെംഗളൂരു-മംഗളൂരു ദേശീയപാതയായ എൻഎച്ച് 75 വഴി യാത്ര ചെയ്യുന്നവർക്ക് ഒടുവില്‍ ആശ്വാസം. നെല്ലിയാടി ഫ്ലൈഓവറിന്റെ ഒരു ഭാഗവും അണ്ടർപാസുകളും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) ഒടുവില്‍ ഗതാഗതത്തിനായി തുറന്നു.വർഷങ്ങളായി നെല്ലിയാടി ടൗണില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമായി.1.18 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവറാണിത്. ദേശീയപാത വികസന പ്രവർത്തനങ്ങള്‍ കാരണം കഴിഞ്ഞ നാല് വർഷത്തോളമായി ഈ ഭാഗത്ത് യാത്ര വലിയ ബുദ്ധിമുട്ടായിരുന്നു. പ്രധാന റോഡിലെ പണികള്‍ നടക്കുന്നതിനിടെ വാഹനങ്ങള്‍ ഇടുങ്ങിയ സർവീസ് റോഡുകളിലൂടെയാണ് കടന്നുപോയിരുന്നത്. നിരന്തരം ഓടിയ ഭാരവാഹനങ്ങള്‍ കാരണം ഈ റോഡുകള്‍ പൂർണമായി തകർന്ന നിലയിലായി. കുഴികളും പൊടിയും നീണ്ട ബ്ലോക്കുകളും കാരണം ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്ര പലർക്കും ദുരിതയാത്രയായി മാറിയിരുന്നു.
ഇപ്പോള്‍ ഫ്ലൈഓവറിന്റെ ഒരു ഭാഗം തുറന്നതോടെ ഗതാഗതം കൂടുതല്‍ സുഗമമായിരിക്കുകയാണ്. പുതിയ ഫ്ലൈഓവറിലേക്കും അതുമായി ബന്ധിപ്പിച്ച അണ്ടർപാസുകളിലേക്കും വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ നെല്ലിയാടിയിലെ തിരക്ക് ഗണ്യമായി കുറഞ്ഞുവെന്നാണ് യാത്രക്കാർ പറയുന്നത്. ബെംഗളൂരുവിനെയും തീരദേശ കർണാടകയെയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയായതിനാല്‍ സാധാരണ യാത്രക്കാർക്കും ലോറി ഡ്രൈവർമാർക്കും പാത ഒരുപോലെ ആശ്വാസമാണ്.ബി.സി. റോഡ്-പെരിയാശാന്തി നാലുവരിപ്പാത പദ്ധതിയുടെ ഭാഗമായാണ് നെല്ലിയാടിയിലെ ഈ നിർമാണം. 15 മീറ്റർ വീതിയുള്ള മൂന്ന് സ്പാനുകളാണ് ഫ്ലൈഓവറിനുള്ളത്. ടൗണിലെ പ്രാദേശിക യാത്ര തടസപ്പെടാതിരിക്കാനായി രണ്ട് വാഹന അണ്ടർപാസുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലൈഓവറിന്റെ രണ്ടാമത്തെ ഗതാഗത പാതയും മഴക്ക് മുമ്പ് തുറക്കാൻ കഴിയുമെന്നാണ് എൻഎച്ച്‌എഐ മംഗളൂരു പ്രോജക്‌ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഡയറക്ടർ അബുല്ല ജാവേദ് അസ്മി അറിയിച്ചത്. രണ്ട് പാതകളും പ്രവർത്തനം ആരംഭിച്ചാല്‍ എൻഎച്ച് 75-ലെ ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
ഇതിനൊപ്പം സർവീസ് റോഡുകളും പുനർനിർമിക്കാൻ എൻഎച്ച്‌എഐ പദ്ധതിയിടുന്നുണ്ട്. നിലവിലെ തകർന്ന സർവീസ് റോഡുകള്‍ ആറ് മീറ്റർ വീതിയില്‍ വികസിപ്പിച്ച് നവീകരിക്കാനാണ് തീരുമാനം. ഇത് നാട്ടുകാർക്കും ചെറിയ വാഹനങ്ങള്‍ക്കും കൂടുതല്‍ സഹായകരമാകും.പദ്ധതി ആരംഭിച്ച സമയത്ത് നാട്ടുകാരുടെയും വ്യാപാരികളുടെയും ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. ഉയർന്ന ഫ്ലൈഓവർ ടൗണിനെ രണ്ടായി വിഭജിക്കുന്ന “മതില്‍” പോലെയാകുമെന്നായിരുന്നു അവരുടെ ആശങ്ക. ഇതോടെ കടകളിലേക്കുള്ള ആളുകളുടെ വരവ് കുറയുമെന്നും വ്യാപാരത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഡിസൈൻ മാറ്റങ്ങളും കരാർ സംബന്ധമായ പ്രശ്നങ്ങളും വന്നതോടെ പദ്ധതി പലതവണ വൈകുകയും ചെയ്തു.63 കിലോമീറ്റർ ദൈർഘ്യമുള്ള ബി.സി. റോഡ്-അദ്ദഹൊളെ നാലുവരിപ്പാത പദ്ധതി 2017-ലാണ് ആരംഭിച്ചത്. ആദ്യം 821 കോടി രൂപയുടെ കരാർ എല്‍ ആൻഡ് ടിക്കായിരുന്നു ലഭിച്ചത്. പിന്നീട് പദ്ധതി രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചു. അദ്ദഹൊളെ-പെരിയാശാന്തി ഭാഗം എസ് എം ഔട്ടാഡെ പ്രൈവറ്റ് ലിമിറ്റഡിനും, വലിയ ഭാഗമായ പെരിയാശാന്തി-ബി.സി. റോഡ് നിർമ്മാണം കെഎൻആർ കണ്‍സ്ട്രക്ഷൻസിനുമാണ് കൈമാറിയത്. നാലുവരിപ്പാതയുടെ ചില ഭാഗങ്ങളിലെ ജോലികള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, ഇതിനകം പൂർത്തിയായ ഭാഗങ്ങള്‍ കാരണം ബെംഗളൂരുവിനും മംഗളൂരുവിനുമിടയിലെ യാത്രാസമയം കുറഞ്ഞതായി യാത്രക്കാർ പറയുന്നു.