Home തിരഞ്ഞെടുത്ത വാർത്തകൾ ഓടിക്കൊണ്ടിരുന്ന ഓട്ടോ‌യിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു, സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു; കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

ഓടിക്കൊണ്ടിരുന്ന ഓട്ടോ‌യിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു, സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു; കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. എറണാകുളം ജില്ലയില്‍ കോതമംഗലത്ത് കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.കുട്ടമ്പുഴ കുറ്റിയംചാല്‍ ഭാഗങ്ങളില്‍ വീടുകള്‍ക്ക് കേടുപറ്റി. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് കനത്ത മഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നു വീണു. ജി എം എല്‍ പി സ്കൂളിന്റെ മേല്‍ക്കൂരയാണ് വീണത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. മൂവാറ്റുപുഴയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ കാർ സർവീസിന് സെൻ്ററിലെ മേല്‍ക്കൂര തകർന്നു. അപകടത്തില്‍ ആളപായമില്ല. സർവീസിന് എത്തിച്ച നിരവധി കാറുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്.പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീട് തകർന്നു.

കോട്ടയം ഉഴവൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക്‌ മുകളിലേക്ക് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. പൂവത്തുങ്കല്‍ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന യാത്രക്കാർ രക്ഷപെട്ടു. പ്രദേശത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണിട്ടുണ്ട്.ശക്തമായ കാറ്റിലും മഴയിലും നെയ്യാർ ഡാം ഇറിഗേഷൻ സെക്യൂരിറ്റി ഓഫീസിന് സമീപം കൂറ്റൻ മരം കടപുഴകി വീണു. എൻട്രൻസ് ഗേറ്റിന് സമീപത്തെ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. രണ്ട് ബൈക്കുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ചെല്ലാനത്ത് കാറ്റിലും മഴയിലും വീടുകള്‍ തകർന്നു. തറയെപ്പറമ്പില്‍ ജോണ്‍സന്റെ വീടാണ് തകർന്നത്. അർനോസ് ചൗരി എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയും തകർന്നു.തിരുവനന്തപുരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. നെയ്യാർ ഡാം മരക്കുന്നത്ത് ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് വീടിന്റെ മേല്‍ക്കൂര പറന്നു പോയത്. മരക്കുന്നം സ്വദേശിനി വസന്ത മകൻ മനോജ് എന്നിവരുടെ വീടിന്റെ മേല്‍ക്കൂരയാണ് പറന്നു പോയത്. സംഭവസമയത്ത് വസന്തയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇരുവരെയും നാട്ടുകാർ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group