Home കർണാടക മണിക്കൂറില്‍ പ്രളയ സമാന മഴ, എട്ടടി ഉയരമുള്ള മതിലിടിഞ്ഞ് ദുരന്തം; ബെംഗളൂരുവില്‍ 7 ജീവൻ നഷ്ടം, വ്യാപക നാശം

മണിക്കൂറില്‍ പ്രളയ സമാന മഴ, എട്ടടി ഉയരമുള്ള മതിലിടിഞ്ഞ് ദുരന്തം; ബെംഗളൂരുവില്‍ 7 ജീവൻ നഷ്ടം, വ്യാപക നാശം

by ടാർസ്യുസ്

ബെംഗളൂരു: കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ബെംഗളൂരുവില്‍ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്.മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയില്‍ നിന്ന് രക്ഷതേടി താല്‍ക്കാലിക ഷെഡുകള്‍ക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. മതിലിനടിയില്‍ കുടുങ്ങിയവർക്കായി ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2 മണിക്കൂറില്‍ പ്രളയ സമാന മഴഅതേസമയം രണ്ട് മണിക്കൂർ നീണ്ടുനിന്ന കനത്ത മഴയില്‍ നഗരം വെള്ളത്തിനടിയിലായി. വിധാന സൗധ, കണ്ഠീരവ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളില്‍ കനത്ത ആലിപ്പഴ വർഷമാണ് ഉണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതോളം മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടർന്ന് മെട്രോ സർവീസുകള്‍ തടസ്സപ്പെടുകയും വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉള്‍പ്പെടെ നഗരത്തിലെ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാവുകയും ചെയ്തു. പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. നഗരത്തില്‍ 78 മില്ലിമീറ്റർ മഴയാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബെംഗളൂരു അർബൻ, റൂറല്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ബിബിഎംപിയും അഗ്നിശമനസേനയും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group