ബംഗളൂരു: സിലിക്കണ്‍ സിറ്റിയില്‍ ഇന്ന് വൈകുന്നേരം ആഞ്ഞുവീശിയ കനത്ത മഴയെത്തുടർന്ന് ശിവാജി നഗറിലെ ബൗറിംഗ് ഹോസ്പിറ്റലിന്റെ കോമ്പൗണ്ട് മതില്‍ തകർന്നു വീണു.ഈ ദുരന്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. അതിശക്തമായ മഴയാണ് മതില്‍ തകരാൻ കാരണം. കൂടുതല്‍ പേരുടെ ജീവൻ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്.മതിലിനോട് ചേർന്നുള്ള നടപ്പാതയില്‍ ഉന്തുവണ്ടികളില്‍ കച്ചവടം ചെയ്തിരുന്ന വ്യാപാരികളും, മഴയില്‍ നിന്ന് രക്ഷപ്പെടാൻ അവിടെ അഭയം തേടിയ പൊതുജനങ്ങളുമാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയത്. മഴയുടെ ശക്തിയില്‍ മതില്‍ പൊടുന്നനെ തകരുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പലരെയും രക്ഷപ്പെടുത്താൻ സാധിച്ചു. ഈ ദുരന്തത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റതായി എംഎല്‍എ റിസ്വാൻ അർഷദ് അറിയിച്ചു.അപകടം നടന്നയുടൻ പ്രദേശവാസികള്‍ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് അഗ്നിശമന സേനയും പോലീസും സംഭവസ്ഥലത്തെത്തി. പതിനേഴോളം പേർ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരവും വന്നു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴവർഷവും അനുഭവപ്പെട്ടു. വിധാൻ സൗധയുടെ പരിസരത്തും വെള്ളം കയറി. ശക്തമായ കാറ്റും മഴയും കാരണം നഗരത്തിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ഗതാഗതക്കുരുക്കും മറ്റ് ബുദ്ധിമുട്ടുകളും ജനങ്ങളെ വലച്ചു.മുഖ്യമന്ത്രി സിദ്ധരാമയ്യ ബൗറിംഗ് ഹോസ്പിറ്റല്‍ പരിസരത്തെ അപകടസ്ഥലം സന്ദർശിച്ചു. തുടർന്ന്, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാസഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലും അദ്ദേഹം സന്ദർശനം നടത്തി.ആശുപത്രിയില്‍ ചികിത്സയിലുള്ള പരിക്കേറ്റവരുടെ ആരോഗ്യനില മുഖ്യമന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച അദ്ദേഹം, ആവശ്യമായ സഹായങ്ങള്‍ നല്‍കാൻ കർശന നിർദ്ദേശങ്ങള്‍ നല്‍കി. മരിച്ചവരില്‍ രണ്ട് കുട്ടികളും, രണ്ട് പുരുഷന്മാരും, മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ഏഴ് പേരാണുള്ളതെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചു. ഏഴ് പേർക്കാണ് പരിക്കേറ്റതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.ഇത്തരം ശക്തമായ മഴ ബംഗളൂരുവില്‍ സാധാരണ പ്രതീക്ഷിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.മഴ പെയ്യുമ്പോള്‍ ഏകദേശം മുപ്പതോളം പേർ മതിലിന് സമീപം ഉണ്ടായിരുന്നു. മഴയില്‍ നിന്ന് രക്ഷപ്പെടാൻ ടാർപോളിൻ ഷീറ്റിനടിയില്‍ അഭയം തേടിയവരും അപകടത്തില്‍പ്പെട്ടെന്നു ദൃക്സാക്ഷികള്‍ കൂട്ടിച്ചേർത്തു.ദുരന്തത്തില്‍ മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു. മായ (51), സാജിദ് (20), അസ്ഗർ (35), താബിൻ താജ് (4), മുബീൻ താജ് (4), പ്രീതി (51), സിജി (47) എന്നിവരാണ് മരിച്ചവർ. മരിച്ച മൂന്ന് സ്ത്രീകള്‍ മലയാളികളാണ്. മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മിക്കുന്ന യൂണിറ്റിലുള്ളഴരാണ് ഇവര്‍. വിനോദ യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെത്തിയതാണ് എന്നാണ് വിവരം.