ബെംഗളൂരു: അടിമുടി മാറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയില്‍വേ. വന്ദേ ഭാരത് ട്രെയിനുകള്‍ യാത്രക്കാർ ഏറ്റെടുത്തതോടെ വന്ദേ ഭാരത് സ്ലീപ്പർ ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു.അതിവേഗ യാത്രയും സുരക്ഷയും ഉറപ്പ് നല്‍കുന്നതാണ് പുതിയ ട്രെയിനുകള്‍. ഇന്ത്യൻ റെയില്‍വേയുടെ സ്വപ്ന പദ്ധതികളിലൊന്നായ ബുള്ളറ്റ് ട്രെയിൻ വൈകാതെ മുംബൈ – അഹമ്മദാബാദ് റൂട്ടില്‍ സർവീസ് നടത്തുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.ഇന്ത്യയില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ‘ബുള്ളറ്റ് ട്രെയിൻ’ അല്ലെങ്കില്‍ അതിവേഗ ട്രെയിൻ 2027 മാർച്ച് – ഏപ്രിലില്‍ മാസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയായ മുംബൈ – അഹമ്മദാബാദ് റൂട്ടിലാകും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക.
മുംബൈ – അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ ആദ്യ ഭാഗം പൂർത്തിയായി. ഏകദേശം 80% ജോലികളും ഇതിനകം പൂർത്തിയായി. ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാകും. 2027ല്‍ ഈ പാത കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാനില്‍ നിന്ന് ഒരു ട്രെയിൻ സെറ്റ് കൂടി വരുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവിലെ ബിഇഎംഎല്ലിന്റെ തിപ്പസാന്ദ്ര കാമ്ബസില്‍ അതിവേഗ ട്രെയിൻ നിർമാണ സമുച്ചയമായ ‘ആദിത്യ’ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ “സ്വദേശി” ഹൈ – സ്പീഡ് റേക്കുകളുടെ നട്ടെല്ലായ ബി-28 ട്രെയിൻസെറ്റുകളുടെ ഉത്പാദനത്തെ വേഗത്തിലാക്കുന്നതാകും ഈ സൗകര്യം. ആദിത്യ പ്രതിവർഷം 100 കോച്ചുകള്‍ പുറത്തിറക്കും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ICF) ഉം BEML ഉം സംയുക്തമായി B-28 ട്രെയിൻസെറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ ഡിസൈൻ പൂർത്തിയാക്കി സാധൂകരിക്കുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.ട്രെയിൻ സെറ്റുകളുടെ നിർമാണം ആരംഭിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ആരംഭിക്കുമെന്നും ആദ്യ ട്രെയിൻ സെറ്റ് 2027 മാർച്ച് – ഏപ്രില്‍ മാസത്തോടെ പുറത്തിറക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു – ചെന്നൈ ഹൈ – സ്പീഡ് റെയില്‍ ഇടനാഴിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഏതാണ്ട് പൂർത്തിയായതായും മുംബൈ – അഹമ്മദാബാദ് ഇടനാഴിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഘട്ടമായ ‘ബുള്ളറ്റ് ട്രെയിൻ’ വികസനത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നതായും വൈഷ്ണവ് പറഞ്ഞു.ബെംഗളൂരു – ചെന്നൈ ഹൈ – സ്പീഡ് റൂട്ട് യാത്രാ സമയം വെറും 73 മിനിറ്റായി കുറയ്ക്കും. ബെംഗളൂരു – ഹൈദരാബാദ് ഇടനാഴി യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറയ്ക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. BEML പദ്ധതി ഇന്ത്യയുടെ ഒരു പ്രധാന സാങ്കേതിക കുതിച്ചുചാട്ടമാണ്. നമ്മള്‍ ക്രമാനുഗതമായി മുന്നേറുകയാണ്. ഹൈ – സ്പീഡ് റെയിലില്‍ വളരെ സങ്കീർണമായ നിർമാണ സാങ്കേതികവിദ്യ ഉള്‍പ്പെടുന്നു. നിർമാണത്തില്‍ വളരെ ഉയർന്ന കൃത്യത ആവശ്യമാണ്. സുരക്ഷാ ആവശ്യകതകളും വളരെ ശക്തമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.