ബെംളൂരു: ബെംഗളൂരു നഗരത്തില്‍ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓടിയെത്തിയ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.സർജാപ്പൂരില്‍ നിന്ന് മഹാദേവപുര വരെ പുലർച്ചെ ഓടിയെത്തിയ കീർത്തി പുർസ്വാനി എന്ന യുവതിയാണ് തന്റെ ‘സാഹസിക യാത്ര’ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഗൂഗിളില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കണ്ട് ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുക എന്നതായിരുന്നു കീർത്തിയുടെ ലക്ഷ്യം.രാവിലെ ആറു മണിക്ക് സർജാപ്പൂരില്‍ നിന്നാണ് കീർത്തി ഓട്ടം തുടങ്ങിയത്. രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഹൃദയമിടിപ്പ് 174-ല്‍ എത്തി. മാറത്തഹള്ളിയും സെസ്ന ബിസിനസ് പാർക്കും കടന്നതോടെ പുകയും പൊടിയും ട്രാഫിക്കും വില്ലനായി. നടപ്പാതകള്‍ അപ്രത്യക്ഷമായതോടെ അവസാന രണ്ട് കിലോമീറ്റർ വാഹനങ്ങള്‍ക്കിടയിലൂടെ ജീവൻ പണയം വെച്ചായിരുന്നു യാത്ര. ബെംഗളൂരു റോഡുകളിലെ ഓട്ടം പ്രശസ്തമായ ‘ടകേഷിസ് കാസില്‍’ ഗെയിം കളിക്കുന്നതുപോലെയാണെന്ന് കീർത്തി വിഡിയോയില്‍ പരിഹസിക്കുന്നു.ഏകദേശം ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ട കഠിനപ്രയത്നത്തിനൊടുവില്‍ 7.45-ന് സുഹൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കീർത്തിയെ കാത്തിരുന്നത് നിരാശയായിരുന്നു. ഗൂഗിള്‍ ജീവനക്കാരനായ സുഹൃത്ത് അപ്പോഴേക്കും ഓഫീസിലേക്ക് പോയിരുന്നു. “ഗൂഗിളില്‍ ജോലി ചെയ്യുന്നവരെ ബെസ്റ്റ് ഫ്രണ്ട് ആക്കരുത്” എന്നാണ് ഈ അനുഭവത്തിന് ശേഷം തമാശരൂപേണ കീർത്തി കുറിച്ചത്.ബെംഗളൂരുവിലെ കാല്‍നടയാത്രക്കാരുടെ ദുരിതം തുറന്നുകാട്ടുന്നതാണ് ഈ വിഡിയോ എന്ന നിലയില്‍ നിരവധി പേർ പിന്തുണയുമായെത്തി. നഗരത്തിലെ പൊടിയിലും കുരുക്കിലും ഒരു സാധാരണ ഓട്ടം പോലും എത്രത്തോളം സാഹസികമാണെന്ന് കീർത്തിയുടെ അനുഭവം വ്യക്തമാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുകയാണ്.