Home കർണാടക ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാൻ 11 ഫ്ലൈഓവറുകളും എലിവേറ്റഡ് കോറിഡോറുകളും; 13,262 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച്‌ കര്‍ണാടക

ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കാൻ 11 ഫ്ലൈഓവറുകളും എലിവേറ്റഡ് കോറിഡോറുകളും; 13,262 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച്‌ കര്‍ണാടക

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിന് 13,262 കോടി രൂയുടെ പദ്ധതികളുമായി കർണാടക സർക്കാർ. നഗരത്തില്‍ 11 ഫ്ലൈ ഓവറുകളും എലിവേറ്റഡ് കോറിഡോറുകളും നിർമ്മിക്കും.ആകെ 75.6 കിലോമീറ്റർ ദൈർഘ്യമുള്ളവയായിരിക്കും ഈ ഫ്ലൈഓവറുകളും എലിവേറ്റർ കോറിഡോറുകളും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള അഞ്ച് മുനിസിപ്പല്‍ കോർപ്പറേഷനുകളിലുമായാണ് ഇവ നിർമിക്കുക. ഈ പദ്ധതികള്‍ക്ക് വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്‌മൈല്‍) ആണ് ഈ പദ്ധതികള്‍ നടപ്പിലാക്കുക. ബെംഗളൂരു നഗരത്തില്‍ വൻ പ്രോജക്ടുകള്‍ നിർമ്മിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥാപനമാണ് ബി-സ്‌മൈല്‍.കനകപുര റോഡിലെ രാഗിഗുഡ്ഡ മുതല്‍ തലഘട്ടപുര വരെ 18.4 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് കോറിഡോറാണ് ഇവയിലൊന്ന്. യശ്വന്ത്പുര മുതല്‍ കെആർ പുര വരെയുള്ള 28 കിലോമീറ്റർ നീളമുള്ള മറ്റൊരു എലിവേറ്റഡ് കോറിഡോറും ഇതില്‍പ്പെടുന്നു.

ഇവ കൂടാതെ ചെറിയ ഫ്ലൈ ഓവറുകളും ഗ്രേഡ് സെപ്പറേറ്ററുകളുമെല്ലാം നിർമിക്കപ്പെടും. ഐ‌ഒ‌സി ജംഗ്ഷനില്‍ റോട്ടറി ഫ്ലൈഓവറും ബയപ്പനഹള്ളിയില്‍ 436 കോടി രൂപ ചെലവില്‍ രണ്ട് വരി റെയില്‍ ഓവർ ബ്രിഡ്ജും നിർമ്മിക്കും.ഇന്റർമീഡിയറ്റ് റിംഗ് റോഡിനായി 2023 ല്‍ തയ്യാറാക്കിയ അലൈൻമെന്റ് റദ്ദാക്കി മാറ്റിവച്ചതായി സർക്കാർ പറയുന്നു. 2007 ലെ അലൈൻമെന്റ് ചെറിയ പരിഷ്കാരങ്ങളോടെ നടപ്പാക്കാനാണ് നീക്കം. ഇന്റർമീഡിയറ്റ് റിംഗ് റോഡിന്റെ അലൈൻമെന്റ് പരിഷ്കരിക്കുന്നതിനുള്ള പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭ അംഗീകാരം നല്‍കി.രാജ്യത്തെ ഏറ്റവും കടുത്ത ട്രാഫിക് തിരക്കുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. റോഡ് യാത്രക്കാർക്ക് ഒരു വർഷത്തില്‍ 250 മണിക്കൂറിലധികം ട്രാഫിക്കില്‍ കുടുങ്ങി കഴിയേണ്ടി വരുന്നുണ്ട് ഈ നഗരത്തില്‍. നഗരത്തിലെ ചില സ്ഥലങ്ങളില്‍ 1 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂർ എടുക്കുന്ന സ്ഥിതി പോലുമുണ്ട്.

ബെംഗളൂരു നഗരത്തിന്റെ നിരവധി അനുകൂല ഘടകങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മന്ദഗതിയിലുള്ള ഗതാഗതം. ട്രാഫിക് പ്രശ്നങ്ങള്‍ മൂലം ബിസിനസ് ചെലവ് വർദ്ധിക്കുന്ന സ്ഥിതിവിശേഷം നഗരത്തിനുണ്ട്.ഇതിനെല്ലാം പുറമെ യാത്രക്കാർ കടുത്ത സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നു. മലിനീകരണം മറ്റൊരു പ്രശ്നമാണ്. ട്രാഫിക് തിരക്കുകള്‍ ജീവിത നിലവാരത്തെ ബാധിക്കുന്നതിനാല്‍ പലരും ഈ നഗരത്തില്‍ നിന്ന് മാറി നില്‍ക്കാനും ആഗ്രഹിക്കുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയം ട്രാഫിക്കില്‍ കുടുങ്ങി കഴിയേണ്ടി വരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group