ബെംഗളൂരു: സർക്കാർ ഓഫിസുകളിലെയും ഔദ്യോഗിക യോഗങ്ങളിലെയും ചായ സത്കാരങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച് കർണാടക സർക്കാരിന്റെ പുതിയ ആരോഗ്യ നയം.യോഗങ്ങളില്‍ പതിവുള്ള പാല്‍ച്ചായ, കാപ്പി, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ എന്നിവ പാടേ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ പുറപ്പെടുവിച്ചത്.നിലവില്‍ സർക്കാർ ഓഫിസുകളില്‍ വിളമ്ബുന്ന ഭക്ഷണങ്ങള്‍ പോഷകഗുണമുള്ളതല്ലെന്നും ആരോഗ്യകരമായ ജീവിതശൈലിയെ അത് തടസ്സപ്പെടുത്തുന്നുവെന്നും നിരീക്ഷിച്ചാണ് കർശന നടപടി. ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്മേഷമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന ലോകാരോഗ്യ സംഘടനയുടെ നിർവചനം മുൻനിർത്തിയാണ് പുതിയ പരിഷ്കാരം.
രോഗപ്രതിരോധത്തിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ഇനി മുതല്‍ ഓഫിസ് മീറ്റിങ്ങുകളിലും ലഘുഭക്ഷണ ഇടവേളകളിലും കൊഴുപ്പും മധുരവും എണ്ണയും കുറഞ്ഞ വിഭവങ്ങള്‍ മാത്രമേ നല്‍കാവൂ. വറുത്ത പലഹാരങ്ങള്‍ക്ക് പകരം ചെറുധാന്യങ്ങള്‍ (മില്ലറ്റ്സ്) കൊണ്ടുണ്ടാക്കിയ ലഘുഭക്ഷണങ്ങള്‍ നിർബന്ധമാക്കി. നാരുകള്‍ അടങ്ങിയതും അജിനോമോട്ടോ പോലുള്ള കൃത്രിമ വസ്തുക്കള്‍ ചേർക്കാത്തതുമായ വിഭവങ്ങള്‍ക്കായിരിക്കും മുൻഗണന.ഫ്രഷ് പഴങ്ങള്‍, വെജിറ്റബിള്‍ സാലഡുകള്‍, മുളപ്പിച്ച ധാന്യങ്ങള്‍, ഉപ്പിടാത്ത വറുത്ത അണ്ടിപ്പരിപ്പുകള്‍, മത്തങ്ങ വിത്ത്, ഫ്ളാക്സ് സീഡ് എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തണം. പാനീയങ്ങളുടെ കാര്യത്തിലും വലിയ മാറ്റമാണുള്ളത്. പാലും പഞ്ചസാരയും ചേർത്ത ചായയും കാപ്പിയും പൂർണമായും ഒഴിവാക്കി പകരം ഗ്രീൻ ടീ, കൊഴുപ്പ് കുറഞ്ഞ മോര് എന്നിവ വിളമ്ബണം. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പികളില്‍ നല്‍കുന്നത് നിരോധിച്ചു. പകരം സ്റ്റീല്‍ ഫ്ലാസ്കുകളിലോ ഗ്ലാസ് കുപ്പികളിലോ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.വലിയ സർക്കാർ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഭക്ഷണത്തില്‍ കുറഞ്ഞത് രണ്ട് ചെറുധാന്യ വിഭവങ്ങളെങ്കിലും ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. വെളുത്ത അരിക്ക് പകരം തവിടുള്ള അരി (ബ്രൗണ്‍ റൈസ്) ഉപയോഗിക്കണം.
മാംസാഹാരം വിളമ്ബുന്നുണ്ടെങ്കില്‍ കൊഴുപ്പ് കുറഞ്ഞ വെളുത്ത മാംസം നന്നായി വേവിച്ചു മാത്രമേ നല്‍കാവൂ. മൈക്രോവേവ് ഓവനില്‍ പാകം ചെയ്തതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ആഹാരങ്ങള്‍, എരിവ് കൂടിയ വിഭവങ്ങള്‍, കാർബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്.സർക്കാർ കാമ്ബസുകളില്‍ പ്രവർത്തിക്കുന്ന ലഘുഭക്ഷണ ശാലകള്‍ക്കും ഈ മാർഗരേഖ ബാധകമായിരിക്കും. ഭക്ഷണസാധനങ്ങള്‍ പ്രാദേശികമായ കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങള്‍, ജയില്‍ അടുക്കളകള്‍, ന്യൂട്രി ഗാർഡനുകള്‍ എന്നിവയില്‍ നിന്ന് ശേഖരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ വകുപ്പ് മേധാവികള്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് മുക്തവും പോഷകസമൃദ്ധവുമായ ഒരു പ്രവർത്തന മേഖല കെട്ടിപ്പടുക്കുകയാണ് ഈ വിപ്ലവകരമായ ഉത്തരവിലൂടെ കർണാടക സർക്കാർ ലക്ഷ്യമിടുന്നത്.