ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനോട് ചേർന്ന് കൂറ്റൻ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കർണാടക ഹൗസിങ് ബോർഡ് (കെഎച്ച്ബി).ബെംഗളൂരു നഗരത്തില്‍ നിന്ന് ഏതാനം കിലോമീറ്റർ അകലെ അനേക്കലില്‍ 80,000 പേർക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനാണ് തീരുമാനം. പദ്ധതി നടത്തിപ്പിനായി കെഎച്ച്ബി ലേലം (ബിഡ്) നടപടികള്‍ ആരംഭിച്ചു.943.46 കോടി രൂപയാണ് അനേക്കലില്‍ നിർമിക്കാനൊരുങ്ങുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ ചെലവായി വിലയിരുത്തുന്നത്. കർണാടക പബ്ലിക് പ്രൊക്യുർമെന്റ് ഔദ്യോഗിക പോർട്ടല്‍ വഴി രണ്ട് ബിഡ് സംവിധാനത്തിലൂടെ എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കണ്‍സ്ട്രക്ഷൻ (ഇപിസി മോഡ്-1) ടേണ്‍കീ അടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ടെൻഡർ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ വർഷത്തെ സംസ്ഥാന ബജറ്റില്‍ പ്രധാന കായിക മത്സരങ്ങള്‍ നടത്തുന്നതിനായി സംസ്ഥാനത്ത് 80,000 സീറ്റുകളുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്പോർട്സ് കോംപ്ലക്സ് നിർമിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന, എൻജിനീയറിങ്, നിർമാണം ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ അനേക്കലിലെ ഇന്ദ്ലവാഡിയിലുള്ള കെഎച്ച്ബി ലേഔട്ടിലെ അനുബന്ധ വികസന പ്രവർത്തനങ്ങളും ജോലിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ടെൻഡർ വിജ്ഞാപനത്തില്‍ പറയുന്നു. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് – കർണാടക പൊതുമരാമത്ത് വകുപ്പ് അല്ലെങ്കില്‍ മറ്റ് സംസ്ഥാന സർക്കാർ ഏജൻസികളില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാർക്ക് ലേല പ്രക്രിയയില്‍ പങ്കെടുക്കാം. പ്രീ – ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 22 വൈകുന്നേരം നാലുമണി വരെയാണ്. ഏപ്രില്‍ 24ന് രാവിലെ 11 മണിക്ക് പ്രീ ബിഡ് മീറ്റിങ് നടക്കും. മെയ് എട്ടിന് വൈകുന്നേരം 4 മണിക്കകം ബിഡുകള്‍ സമർപ്പിക്കണം.ബൊമ്മസാന്ദ്രയിലെ സൂര്യ സിറ്റിയില്‍ സ്റ്റേഡിയം ഉള്‍പ്പെടെ ഒരു അത്യാധുനിക സ്പോർട്സ് കോംപ്ലക്സ് നിർമിക്കാൻ കെഎച്ച്ബി നിർദേശിച്ചപ്പോള്‍ 2025 ഓഗസ്റ്റില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പദ്ധതി പൂർത്തിയായിക്കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഒന്നാകാൻ സാധ്യതയുണ്ട്.
2025 ജൂണ്‍ നാലിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലില്‍ കന്നി കിരീടം നേടിയതിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പ പരിപാടിയില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു കൂറ്റൻ സ്റ്റേഡിയം ബെംഗളൂരു നഗരത്തിന് പുറത്ത് നിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ജോണ്‍ മൈക്കല്‍ കുൻഹ കമ്മീഷൻ 17 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 32,000 പേർക്ക് ഇരിക്കാവുന്നതും ചിന്നസ്വാമി സ്റ്റേഡിയം വലിയ പരിപാടികള്‍ നടത്താൻ അനുയോജ്യമല്ലെന്ന് നിരീക്ഷിച്ചിരുന്നു. വലിയ മത്സരങ്ങളും പരിപാടികളും കൂടുതല്‍ വിശാലമായ ഒരു വേദിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നീക്കം ആരംഭിച്ചത്.