ബെംഗളൂരു: സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് പ്രവൃത്തികള്‍ക്ക് വേഗം കൂടുന്നു. ജൂണ്‍ മാസത്തോടെ നിർമ്മാണം തമിഴ്‌നാട് അതിർത്തിയിലെത്താൻ സാധ്യതയുണ്ടെന്നാണ് ദേശീയപാത അതോറിറ്റി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.ഹോസ്കോട്ടെക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പ്രധാന റെയില്‍ ഓവർബ്രിഡ്ജിന്റെ പണി പൂർത്തിയാകുന്നതോടെ ഇത് സാധ്യമാകും.റോഡിൻ്റെ 20.9 കിലോമീറ്റർ വരുന്ന ഹോസ്കോട്ടെ-ഹോസൂർ ഭാഗം കഴിഞ്ഞ ഫെബ്രുവരിയില്‍ തുറക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബെംഗളൂരു-ചെന്നൈ റെയില്‍വേ ലൈനിലെ ലിംഗാദേവരമല്ലസന്ദ്രയില്‍ ബോസ്ട്രിംഗ് ഗർഡർ സ്ഥാപിക്കുന്നത് വൈകിയത് തിരിച്ചടിയായി.ഈ ഓവർബ്രിഡ്ജ് സ്ഥാപിക്കുന്നതിന് ദക്ഷിണ റെയില്‍വേയുടെ അനുമതി അത്യാവശ്യമാണ്.
ഗർഡർ സ്ഥാപിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ അടങ്ങിയ താത്കാലിക ക്രമീകരണ രേഖയ്ക്ക് ജനുവരിയില്‍ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശീയ പാത അതോറിറ്റി ബെംഗളൂരു പ്രോജക്‌ട് ഡയറക്ടറായ കെ.ബി. ജയകുമാർ പറഞ്ഞു. കരാറുകാർ ഗർഡർ ഇതിനകം നിർമ്മിച്ച് സ്ഥലത്ത് എത്തിച്ചെങ്കിലും, അന്തിമ അനുമതിയില്ലാതെ ട്രാക്കുകളുടെ അടുത്തുള്ള ഫൗണ്ടേഷൻ ജോലികള്‍ തുടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.’ഇലക്‌ട്രിക്കല്‍, സിഗ്നലിംഗ് ടീമുകളുടെ സൈറ്റ് പരിശോധനകളും റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ നടത്തുന്ന വെല്‍ഡിംഗ് പരിശോധനകളും നടത്തേണ്ടതുണ്ട്. മാത്രമല്ല ട്രെയിനുകള്‍ കൂടുതലുള്ള റൂട്ടാണിത്.ഇവിടെ ഗതാഗതം ക്രമീകരിക്കേണ്ടി വരും. ഓരോ 15 ദിവസത്തിലും മണിക്കൂറുകള്‍ മാത്രമാണ് ട്രാഫിക് ബ്ലോക്ക് ലഭിക്കാൻ സാധ്യത’,റെയില്‍വെ അധികൃതർ വ്യക്തമാക്കി. 20.9 കിലോമീറ്ററില്‍ 650 മീറ്റർ മാത്രമാണ് ഇപ്പോള്‍ പൂർത്തിയാകാനുള്ളതെന്നും അവർ വ്യക്തമാക്കി.
അനുമതികള്‍ വേഗത്തില്‍ ലഭിച്ചിരുന്നെങ്കില്‍ പദ്ധതി നേരത്തെ പൂർത്തിയാക്കാമായിരുന്നുവെന്നും ഭാവിയില്‍ റെയില്‍വേ ട്രാക്കുകള്‍ പൂർണ്ണമായും ഒഴിവാക്കുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നും ദേശീയ പാത അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. റെയില്‍വേ എല്ലാ അനുമതികളും നല്‍കുകയാണെങ്കില്‍, ജൂണ്‍ മാസത്തോടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അധികൃതർ വ്യക്തമാക്കി.ഈ ഭാഗം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ റോഡിൻ്റെ ആകെ പ്രവർത്തനദൂരം 102.6 കിലോമീറ്ററായി വർദ്ധിക്കും. ഇത് ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുകയും ഓള്‍ഡ് മദ്രാസ് റോഡിലെയും സർജാപുർ റോഡിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും ചെയ്യും. 288 കിലോമീറ്റർ ദൈർഘ്യമുള്ള സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോള്‍ദീർഘദൂര വാണിജ്യ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് കടക്കാതെ തന്നെ പോകാനാകും.