Home കർണാടക ബെംഗളൂരുവില്‍ ഇവി വിപ്ലവം; ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 13,000 ഇലക്‌ട്രിക് വാഹനങ്ങള്‍

ബെംഗളൂരുവില്‍ ഇവി വിപ്ലവം; ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 13,000 ഇലക്‌ട്രിക് വാഹനങ്ങള്‍

by ടാർസ്യുസ്

ബെംഗളൂരു: ഇന്ത്യയുടെ ഇലക്‌ട്രിക് വാഹന തലസ്ഥാനമെന്ന വിശേഷണം അന്വർത്ഥമാക്കി ബെംഗളൂരു നഗരത്തില്‍ ഇവി രജിസ്‌ട്രേഷനില്‍ റെക്കോർഡ് വർധനവ്.മാർച്ച്‌ 31-ന് മാത്രം നഗരത്തില്‍ 13,000 ഇലക്‌ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്‌ രജിസ്‌ട്രേഷൻ നിരക്കില്‍ 400 ശതമാനത്തിന്റെ അവിശ്വസനീയമായ കുതിച്ചുചാട്ടമാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ 11 ആർടി ഓഫീസുകളിലായി നടന്ന ഈ വൻ രജിസ്‌ട്രേഷനില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായിരുന്നു.ഇത്രയധികം ആളുകള്‍ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ പ്രധാന കാരണം കർണാടക സർക്കാർ നല്‍കിയിരുന്ന നികുതി ഇളവുകള്‍ അവസാനിക്കുന്നു എന്ന പ്രഖ്യാപനമാണ്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന 100 ശതമാനം റോഡ് നികുതി ഇളവ് ഏപ്രില്‍ ഒന്ന് മുതല്‍ നിർത്തലാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

പുതിയ സാമ്പത്തിക വർഷം മുതല്‍ നികുതി ബാധ്യത വരുമെന്നതിനാലാണ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ മാർച്ച്‌ 31-ന് ഉടമകള്‍ കൂട്ടത്തോടെ ആർടി ഓഫീസുകളിലെത്തിയത്.2026 ജനുവരിയിലെ കണക്കനുസരിച്ച്‌ ശരാശരി 267 വാഹനങ്ങള്‍ മാത്രം രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്താണ് ഈ വൻ വർധനവ്.നികുതി ഇളവുകള്‍ക്ക് പുറമെ ഇന്ധനവിലയിലുണ്ടായ വർധനവും പെട്രോള്‍ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇവി വിപണിക്ക് കരുത്തേകിയിട്ടുണ്ട്. പ്രീമിയം ഇന്ധനങ്ങളുടെ വില ഉയരുന്നത് സാധാരണക്കാരെ ഇലക്‌ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകമായി മാറി. അടിസ്ഥാന സൗകര്യ വികസനത്തിലും ഇവി നയങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ പുലർത്തുന്ന മുൻതൂക്കം ബെംഗളൂരുവിലെ ഈ റെക്കോർഡ് രജിസ്‌ട്രേഷനിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. പുതിയ നിർദ്ദേശപ്രകാരം ഇനി മുതല്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് റോഡ് നികുതി നല്‍കേണ്ടി വരും.

You may also like

error: Content is protected !!
Join Our WhatsApp Group