വേനല്‍ക്കാലം എത്തിയതോടെ എറ്റവും കൂടുതല്‍ ഡിമാൻഡുള്ള ഒന്നായി മാറിയിരിക്കുകയാണ് കരിക്ക്. ആരോഗ്യത്തിന് ഏറെ ഗുണകരമായ കരിക്ക് നിർജ്ജലീകരണം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.വേനല്‍ക്കാലത്ത് ക്ഷീണമകറ്റി ഉന്മേഷം നല്‍കാനും കരിക്കിൻ വെള്ളം അത്യുത്തമമാണ്.ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കരിക്ക് വളരെ നല്ലതാണ്.
അതിനാല്‍ തന്നെ ഇപ്പോള്‍ എല്ലാ വീട്ടിലും കരിക്ക് വാങ്ങിവയ്ക്കാറുണ്ട്. എങ്ങനെ കടയില്‍ നിന്ന് ശരിയായ കരിക്ക് തിരഞ്ഞെടുക്കാമെന്ന് ഇന്നും പലർക്കും അറിയില്ല. പലരും കടക്കാരൻ തരുന്ന കരിക്ക് വാങ്ങി പോകുന്നു. എന്നാല്‍ വിലകൂടിയ കരിക്ക് വാങ്ങി വീട്ടിലെത്തുമ്പോള്‍ അതില്‍ വെള്ളം കുറവായിരിക്കും.കരിക്ക് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം ചെവിയോട് ചേർത്ത് ശക്തമായി കുലുക്കി നോക്കുക. ഉള്ളില്‍ നിന്ന് വലിയ തോതില്‍ വെള്ളം കുലുങ്ങുന്ന ശബ്ദം കേട്ടാല്‍ അതില്‍ നല്ലപോലെ വെള്ളം ഉണ്ടെന്ന് മനസിലാക്കുക. അത് ധെെര്യമായി തിരഞ്ഞെടുക്കാം. കരിക്കിന്റെ ഭാരം കെെയില്‍ പിടിച്ചുകൊണ്ട് കണക്കാക്കാം. കരിക്കിന് അതിന്റെ വലിപ്പത്തോക്കാള്‍ ഭാരം തോന്നിയാല്‍ അതില്‍ നിറയെ വെള്ളം ഉണ്ടാകാനാണ് സാദ്ധ്യത. കൂടാതെ കരിക്ക് വാങ്ങുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം നല്ലപോലെ പരിശോധിക്കണം. ഏതെങ്കിലും കറുത്ത പാടുകളോ വിള്ളലോ കണ്ടാല്‍ അവ വാങ്ങരുത്. ഉരുണ്ട കരിക്ക് നോക്കി തിരഞ്ഞെടുക്കുക. അതില്‍ പൂർണമായും വെള്ളം നിറഞ്ഞിരിക്കാൻ സാദ്ധ്യത ഏറെയാണ്.