കേരളം: കേരളത്തില്‍ ഒരാഴ്ചയോളം താഴ്ന്നു വന്ന സ്വര്‍ണവില ഇന്ന് രാവിലെ കുതിച്ചുയര്‍ന്നത് ഉപഭോക്താക്കളില്‍ ആശങ്ക പരത്തിയിരുന്നു.എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില മാറി. വില കുറഞ്ഞു. വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണം വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ്. അമേരിക്ക പലിശ നിരക്ക് കൂട്ടുമോ എന്ന ആശങ്കയാണ് ഈ മാറ്റത്തിന് കാരണം.അമരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് പ്രഖ്യാപിക്കും. ബുധനാഴ്ച ഈ വിവരം വരുന്നതോടെ വലിയ മാറ്റം വിപണിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ പ്രതിഫലനം വ്യാഴാഴ്ചയാകും രേഖപ്പെടുത്തുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപണിയില്‍ നിന്നുള്ള സൂചനകള്‍ക്ക് അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റം വരികയാണ്.കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 880 രൂപ ഉയര്‍ന്ന് 116320 രൂപയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 400 രൂപ കുറഞ്ഞ് 115920 രൂപയായി. രാവിലെ ഉയര്‍ന്നതിന്റെ പകുതിയോളം വില കുറഞ്ഞു. ഇത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 18 കാരറ്റ് പവന് 95240 രൂപയും 14 കാരറ്റ് പവന് 74160 രൂപയുമാണ്. 9 കാരറ്റ് പവന് 47840 രൂപയാണ് വില.ഇനിയും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പത്തിന് കാരണമാകും എന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യം നേരിടാന്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നും കരുതുന്നു. ഇതാണ് സ്വര്‍ണം വിട്ട് ബോണ്ടിലേക്കും ബാങ്ക് നിക്ഷേപത്തിലേക്കും വന്‍കിട നിക്ഷേപകര്‍ തിരിയാന്‍ കാരണം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.ഒരു പവന് ആഭരണം വാങ്ങാന്‍ 1.23 ലക്ഷം രൂപഇപ്പോഴത്തെ വിലയില്‍ ഒരു പവന് ആഭരണം വാങ്ങുന്നതിന് 1.23 ലക്ഷം രൂപ ചുരുങ്ങിയത് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണിക്കൂലി അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണ് ഈ വിലയിലെത്തുക. അതേസമയം, വലിയ ഡിസൈനുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. മൊത്തം ചെലവും വര്‍ധിക്കും.രാജ്യാന്തര വിപണിയില്‍ രാവിലെ 5027 ഡോളര്‍ ആയിരുന്നു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇത് 5010 ആയി കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക 99.68 ആയി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.42 ആയി. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചിയിക്കുക.