ബെംഗളൂരു: മരണത്തിന്റെ സങ്കടം മാറും മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഭർത്താവ് മരിച്ച് പത്തൊൻപതാം ദിവസം ഭാര്യ മറ്റൊരു വിവാഹം കഴിച്ചാല്‍ ആർക്കായാലും സംശയം തോന്നില്ലേ.കർണാടകയിലെ തുംകൂരില്‍ ആ സംശയമാണ് ഇപ്പോള്‍ ഒരു കൊടുംപാതകത്തിന്റെ ചുരുളഴിച്ചിരിക്കുന്നത്.

അൻപതുകാരനായ പരമേഷിന്റേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല. സ്വന്തം ഭാര്യ ആശയും അവളുടെ ആണ്‍സുഹൃത്തും ചേർന്ന് ഇല്ലാതാക്കിയതാണ് ആ ജീവൻ. മരണവിവരം നാട്ടുകാരെ അറിയിച്ചതും, കരഞ്ഞുവിളിച്ച് ആ മൃതദേഹം മറവ് ചെയ്തതും പ്രതികള്‍ തന്നെയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ആ മരണത്തിലെ ദുരൂഹത നീങ്ങുമ്പോള്‍, വിശ്വാസവഞ്ചനയുടെ ഏറ്റവും ഭയാനകമായ മുഖമാണ് പുറത്തുവരുന്നത്.തുംകൂരു ദാസറഹള്ളിയിലെ പരമേഷിന്റ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തതോടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. സംഭവത്തില്‍ പരമേഷിന്റെ ഭാര്യ ആശ, അവരുടെ ആണ്‍സുഹൃത്ത് ചന്ദ്രപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രപ്പയെ വിവാഹം കഴിക്കാൻ വേണ്ടി ആശ ആസൂത്രണം ചെയ്തതാണ് കൊലപാതകം എന്നും പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ഏറ്റതോടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരമേഷ് മരിച്ച് പത്തൊമ്പതാം ദിവസം ആശ ചന്ദ്രപ്പയെ വിവാഹം കഴിച്ചതോടെ സഹോദരി നന്ദിത പൊലീസിനെ സമീപിക്കുകയായിരുന്നു.
പരമേഷിന്റെ മരണകാരണം ഹൃദ്രോഗമാണെന്ന ആശയുടെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് പൊലീസ് തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തില്‍ പരമേഷിന്റെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടു. ചന്ദ്രപ്പയുമായുള്ള അടുപ്പത്തിന് തടസം നിന്നതോടെ ഇരുവരും ചേർന്ന് പരമേഷിനെ തലയിണ മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. പരമേഷിന് ഹൃദയാഘാതമായിരുന്നെന്നാണ് ആശ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. തുടർന്ന് ചന്ദ്രപ്പയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യം വിവാഹം പരിഞ്ഞ ശേഷം പരമേഷിനെ പുനർവിവാഹം ചെയ്യുകയായിരുന്നു കാറ്ററിംഗ് സ്ഥാപനം നടത്തുകയായിരുന്ന ആശ. കുനിഗല്‍ സ്വദേശിയാണ് ചന്ദ്രപ്പ.