കൊച്ചി: ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റെനീഷ റഹ്മാൻ. ബിഗ് ബോസ് മലയാളം സീസണ് 5 മത്സരാർഥിയെന്ന നിലയിലും താരം പ്രശസ്തയാണ്.മിനി സ്ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി ആറ്റുകാല്‍ പൊങ്കാലയിട്ടതിന് പിന്നാലെ വലിയ വിമർശനങ്ങള്‍ നേരിട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പൊങ്കാല ചിത്രങ്ങളുടെ കമന്റ് സെക്ഷനില്‍ വിദ്വേഷ കമന്റുകള്‍ കൊണ്ടുനിറയുകയാണ്.

‘എന്റെ ആദ്യ ആറ്റുകാല്‍ പൊങ്കാല’, എന്ന് കുറിച്ചു കൊണ്ടാണ് റെനീഷ ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ പോസ്റ്റാണ് ചിലരെ പ്രകോപിപ്പിച്ചത്. ‘ഇതൊക്കെ മുസ്ലീം എന്ന് പറഞ്ഞിട്ട് എന്താണ് കാണിക്കുന്നത്’, ‘റമദാൻ മാസത്തില്‍ തന്നെ വേണമായിരുന്നോ’, എന്നിങ്ങനെയുള്ള കമന്റുകള്‍ ചിത്രങ്ങള്‍ക്ക് താഴെ നിരന്നു. നടിയെ പിന്തുണച്ചും കമന്റ് ചെയ്യുന്നവരുണ്ട്. ‘ഇതാണ് യഥാർഥ കേരള സ്റ്റോറി’ എന്നാണ് ഇവരില്‍ പലരും കമന്റ് ചെയ്യുന്നത്. ഇപ്പോഴിതാ, വിമർശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയാണ് റെനീഷ റഹ്മാൻ.”ഞാനൊരു പൊങ്കാലയിട്ടു. നമ്മുടെ ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ അമ്മയ്ക്ക് വേണ്ടി ഒരു പൊങ്കാലയിട്ടു. പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷേ അതിനേക്കാള്‍ തിരക്കാണ് ഇപ്പോള്‍ എന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് കമന്റ് സെക്ഷനില്‍. നെഗറ്റീവ് പറയാൻ വേണ്ടിയിട്ട് ആളുകളുടെ ക്യൂവാണ്. എന്ത് മാത്രം നെഗറ്റിവിറ്റിയാണ് എനിക്ക് കിട്ടുന്നതെന്ന് അറിയാമോ. രാവിലെ മുതല്‍ ഞാനിത് കാണുന്നുണ്ട്. ആദ്യം ശ്രദ്ധിക്കേണ്ടെന്ന് കരുതി. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാമല്ലോ. ഇതിപ്പോ കൂടിക്കൂടി വരികയാണ്. അതില്‍ രണ്ടുമൂന്ന് കമന്റുകള്‍ എനിക്ക് ഡിലീറ്റും ചെയ്യേണ്ടി വന്നു.ഞാൻ ചെയ്തത് തെറ്റല്ല എന്ന് ഞാൻ വിശ്വസിക്കുന്ന കാലത്തോളം ആരെന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ല. അതെന്നെ ബാധിക്കാനും പോകുന്നില്ല.
പക്ഷേ വീട്ടുകാർ ഇത് കണ്ട് വേദനിക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് കമന്റുകള്‍ ഡിലീറ്റ് ചെയ്തത്.ഒരു കൂട്ടർ പറയുന്നത് എനിക്ക് ജോലിയില്ല, അതുകൊണ്ട് അവസരം കിട്ടാൻ വേണ്ടി, ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്ത പ്രഹസനം ആണിതെന്നാണ്. രണ്ടാമത് ഒരു കൂട്ടർ പറയുന്നത് ഇത് വിശ്വാസത്തേടെ ചെയ്തതല്ലെന്നാണ്. എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ ഫ്ലവേഴ്സ് ടിവിയില്‍ ‘സുഖമോ ദേവി’ എന്നൊരു പരിപാടി ഞാൻ ചെയ്യുന്നുണ്ട്. 16ാം തീയതി മുതല്‍ 30ാം തീയതി വരെ സീ കേരളത്തില്‍ ‘ചെമ്പരത്തി’ എന്നൊരു സീരിയല്‍ ചെയ്യുന്നുണ്ട്. 30 ദിവസമല്ലേയുള്ളൂ ഒരു മാസം, ആ 30 ദിവസവും എനിക്ക് ജോലിയുണ്ട്. ഇത് കൂടാതെ ഇൻസ്റ്റഗ്രാം കൊളാബറേഷനൻ, പ്രൊമോഷൻ, ഉദ്ഘാടനം എല്ലാം ഉണ്ട്. എനിക്ക് ജോലിയുമുണ്ട്, കൂലിയുമുണ്ട്, സമ്പാദ്യവുമുണ്ട്. നല്ല രീതിയില്‍ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്.ഇനി രണ്ടാമത്തെ കൂട്ടർക്കുള്ള മറുപടി. ഞാൻ 12 വർഷത്തോളം പഠിച്ചത് ചിന്മയ വിദ്യാലയയിലാണ്. അവിടെ ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്ന ഗായത്രി മന്ത്രവും ഭഗവത് ഗീതയും ഹനുമാൻ ചാലിസയും ഒക്കെ ചൊല്ലിയാണ്. എനിക്ക് അങ്ങനെ ഒരു പശ്ചാത്തലമുള്ളതുകൊണ്ടുതന്നെ എനിക്ക് ഒരു പള്ളിയില്‍ പോയാല്‍ കിട്ടുന്ന സമാധാനവും പോസിറ്റിവിറ്റിയും അമ്പലത്തില്‍ പോയി പ്രാർഥിച്ചാലും കിട്ടാറുണ്ട്.
നൂറ് ശതമാനം വിശ്വാസത്തോടെയും പ്രാർഥനയോടും കൂടി തന്നെയാണ് ഞാൻ ആ പൊങ്കാലയിട്ടത്. പിന്നെ അത്രയും നല്ലൊരു വേളയില്‍ പോയി ഞാൻ നാശമാക്കി എന്ന് ചിലർ പറയുന്നുണ്ട്. പൊങ്കാലയിടുന്നതിന് മുൻപ് ‘വല്ല പ്രശ്നമുണ്ടോ’ എന്ന് ഞാൻ പലരോടും ചോദിച്ചിരുന്നു. ജാതി, മത, വർണ ഭേദമില്ലാതെ വിശ്വാസത്തോടെ മനസും ശരീരവും ശുദ്ധമാണെങ്കില്‍ ഏതൊരു സ്ത്രീക്കും പൊങ്കാലയിടാം എന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. ഇതെല്ലാം ഞാൻ പാലിച്ചു. വിശ്വാസത്തോടെ തന്നെയാണ് ഞാൻ പൊങ്കാലയിട്ടത്. സീരിയലിനായി ഏഴെട്ട് വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്ത് വരുന്നു. ഓഫ് ഡേയില്‍ ഒപ്പമുള്ള ആര്‍ട്ടിസ്റ്റുകള്‍ അമ്പലത്തില്‍ പോവുമ്പോള്‍ ആഗ്രഹമുണ്ടെങ്കിലും ഞാന്‍ പോവാറില്ല. കാരണം അവരുടെ വിശ്വാസം അന്യ മതത്തില്‍ ഉള്ളവർക്ക് പ്രവേശനം ഇല്ല എന്നാണ്. അതിനെ നമ്മള് ബഹുമാനിക്കണം. ഞാന്‍ ഒരു പള്ളി കണ്ടാലും അമ്പലം കണ്ടാലും ഒരു ആംബുലന്‍സ് പോകുന്നത് കണ്ടാലും പ്രാര്ഥിക്കാറുണ്ട്. എന്തിനാണ് ഇത്രയും നെഗറ്റിവിറ്റി. എല്ലാ മതഗ്രന്ഥങ്ങളും പറയുന്നത് ഒരേ കാര്യം തന്നെയല്ലേ,” സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ റെനീഷ പറഞ്ഞു.