ബെംഗളൂരു: കർണാടക സർക്കാരിനുള്ളില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.താനും ഡി.കെ. ശിവകുമാറും തമ്മിലുള്ളത് പാലും തേനും പോലെയുള്ള അഭേദ്യമായ ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഐക്യത്തില്‍ ‘പുളിപ്പ്’ ചേർക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഈ ഐക്യത്തില്‍ ‘പുളിപ്പ്’ ചേർക്കാൻ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണില്ലെന്നും അദ്ദേഹം പരിഹസിച്ചു.’ഡി.കെ. ശിവകുമാറും ഞാനും തമ്മില്‍ പാലുംതേനും പോലെയുള്ള ബന്ധമാണുള്ളത്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതുമുതല്‍ വേറെ ജോലിയൊന്നുമില്ലാത്ത പ്രതിപക്ഷ നേതാക്കള്‍ എനിക്കും ശിവകുമാറിനും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. അവർ ഞങ്ങളുടെ ബന്ധത്തില്‍ പുളിപ്പ് ചേർക്കാൻ ശ്രമിക്കുകയാണ്. എന്നാല്‍, ഇതിലൂടെ അവരുടെ ഉള്ളിലുള്ള കയ്പാണ് പുറത്തുവരുന്നത്.
ഞങ്ങളുടെ ബന്ധത്തെ ഇതൊന്നും ബാധിക്കില്ല”, സിദ്ധരാമയ്യ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.എച്ച്.ഡി. കുമാരസ്വാമിയുടെയും ആർ. അശോകയുടെയും ഫോണ്‍ചോർത്തല്‍ ആരോപണങ്ങളും സിദ്ധരാമയ്യ നിഷേധിച്ചു. മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിന്റെ ഫോണ്‍ചോർത്താൻ ഉത്തരവിട്ടെന്നായിരുന്നു കുമാരസ്വാമിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ഇത് അസ്വസ്ഥരായവരുടെ നിരാശജനകമായ പ്രസ്താവനകള്‍ മാത്രമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ഭരണം അട്ടിമറിക്കാനായി ബിജെപിയും ജെഡിഎസും ശിവകുമാറിനെ വലയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍, ശിവകുമാർ ഒരു അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും പ്രതിപക്ഷത്തിന്റെ പകല്‍ക്കിനാവ് ഫലിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പദത്തിലെ മാറ്റത്തെച്ചൊല്ലി തർക്കം രൂക്ഷമായത്. സർക്കാർ രൂപീകരണവേളയില്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ ധാരണയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് രണ്ടരവർഷം പിന്നിട്ടതോടെ ഇരുവരും തമ്മില്‍ അധികാരം പങ്കിടുന്നതില്‍ തർക്കം ഉടലെടുത്തതായി റിപ്പോർട്ടുകള്‍ വന്നത്.