Home കർണാടക 66 പൈസ തിരികെ നല്‍കിയില്ല; ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി കര്‍ഷകൻ

66 പൈസ തിരികെ നല്‍കിയില്ല; ബാങ്കിനെതിരെ നിയമ നടപടിക്കൊരുങ്ങി കര്‍ഷകൻ

by ടാർസ്യുസ്

ബെംഗളൂരു: 66 പൈസ തിരികെനല്‍കിയില്ലെന്നാരോപിച്ച്‌ ബാങ്കിനെതിരേ നിയമനടപടിക്കൊരുങ്ങി കർഷകൻ. കർണാടകത്തിലെ ഹാസൻ ജില്ലയിലെ ചൊക്കണ്ണ ഗൗഡയാണ് ബാങ്കിനെ പാഠംപഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.മുൻപ് എടുത്തിരുന്ന വായ്പയില്‍ തിരിച്ചടയ്ക്കാനുണ്ടായിരുന്ന 9.34 രൂപയ്ക്കുപകരം 10 രൂപ നല്‍കിയെങ്കിലും ബാക്കി 66 പൈസ തിരികെ നല്‍കിയില്ലെന്നാണ് ബാങ്കിനെതിരേയുള്ള ഗൗഡയുടെ ആരോപണം.

മുൻപ് 50,000 രൂപയാണ് ഗൗഡ കാനറബാങ്ക് ശാഖയില്‍നിന്ന് വായ്പയായി എടുത്തിരുന്നത്. വായ്പത്തുക മുഴുവൻ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നതായി ഗൗഡ പറഞ്ഞു. കഴിഞ്ഞിടെ പുതിയ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു.പഴയ വായ്പയില്‍ 9.34 രൂപ ബാക്കിയുണ്ടെന്നും ഇത് ഉടൻ അടച്ചില്ലെങ്കില്‍ അപേക്ഷ തള്ളുമെന്നും ബാങ്കില്‍നിന്ന് അറിയിച്ചു. ഇതില്‍ ക്ഷുഭിതനായ ചൊക്കണ്ണ ഗൗഡ ബാങ്കിലെത്തി പണം നല്‍കുന്നതിനുള്ള പേ ഇൻ സ്ലിപ്പില്‍ 9.34 രൂപ എന്ന് എഴുതിയതിനുശേഷം 10 രൂപ കൗണ്ടറില്‍ നല്‍കി.

ബാക്കിയുള്ള 66 പൈസ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തർക്കമാകുകയായിരുന്നു.20 വർഷമായി ഇതേ ബാങ്കിന്റെ ഉപയോക്താവായ തന്നോട് ജീവനക്കാർ വളരെ മോശമായാണ് പെരുമാറിയതെന്ന് ഗൗഡ ആരോപിച്ചു. വെറും 9.34 രൂപയുടെ പേരില്‍ വായ്പ നല്‍കില്ലെന്ന് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി. അതിനാലാണ് ബാങ്കും കൃത്യമായിത്തന്നെ ബാക്കി നല്‍കണമെന്ന് നിർബന്ധം പിടിച്ചത്. തന്റെ പോരാട്ടം പണത്തിനുവേണ്ടിയല്ല, നീതിക്കു വേണ്ടിയാണ്. കോടികള്‍ വായ്പയെടുക്കുന്ന സമ്പന്നർ പണം തിരിച്ചടയ്ക്കാതെ വന്നാലും നടപടിയെടുക്കാത്ത ബാങ്കുകള്‍ നിസ്സാരതുകയുടെ പേരില്‍പ്പോലും സാധാരണക്കാരെ വേട്ടയാടുന്നെന്നും ഗൗഡ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group