എയർ ഇന്ത്യ വീണ്ടും വിവാദച്ചുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്. യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും സേവനത്തിലെ പോരായ്മകളെയും ചൊല്ലിയുള്ള പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതാണ് വിമാനക്കമ്പനിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.ദുബായിലേക്ക് പോകാനിരുന്ന ഒരു വയോധികനായ യാത്രക്കാരനോട് എയർ ഇന്ത്യയുടെ വനിതാ ജീവനക്കാരി തീർത്തും നിരുത്തരവാദപരമായും സഹതാപമില്ലാതെയും പെരുമാറി എന്നതാണ് പ്രധാന പരാതി.പുലർച്ചെ നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പലതവണ വൈകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ യാത്ര അനിശ്ചിതത്വത്തിലായതോടെ പരിഭ്രാന്തനായ വയോധികൻ, അതേ സമയത്ത് തന്നെയുള്ള എമിറേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറിലെ ജീവനക്കാരിയെ സമീപിച്ചു.എന്നാല്‍ ഈ ഘട്ടത്തില്‍ അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകാതിരുന്ന ജീവനക്കാരി അങ്ങേയറ്റം അനാദരവോടെയാണ് പെരുമാറിയതെന്ന് മറ്റൊരു യാത്രക്കാരി സാക്ഷ്യപ്പെടുത്തുന്നു.സഹയാത്രിക ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകർത്താൻ തുടങ്ങിയതോടെ മാത്രമാണ് കാര്യങ്ങള്‍ വിശദീകരിക്കാൻ പോലും ജീവനക്കാരി തയ്യാറായതെന്നാണ് വിവരം.വിമാനത്താവളത്തിലെ ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ വയോധികന് അർഹമായ സഹായം സമയത്ത് ലഭിക്കാതിരുന്നതിനാല്‍ എമിറേറ്റ്സ് വിമാനത്തിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ മുഴുവൻ വിറ്റുപോയി.ഇതോടെ അദ്ദേഹം വിമാനത്താവളത്തില്‍ നിസഹായനായി കുടുങ്ങിപ്പോകുന്ന അവസ്ഥയാണുണ്ടായത്. ഈ ദൃശ്യങ്ങള്‍ എക്സ് പ്ലാറ്റ്ഫോമില്‍ ‘വാഷ്മ അയൂബി’ എന്ന അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും എയർ ഇന്ത്യയുടെ സേവന നിലവാരത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷവും എയർ ഇന്ത്യയുടെ പ്രവർത്തന ശൈലിയില്‍ പ്രതീക്ഷിച്ച മാറ്റം വന്നിട്ടില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.ലോകനിലവാരമുള്ള എയർലൈനുകളായ സിംഗപ്പൂർ എയർലൈൻസിനോടോ ഖത്തർ എയർവേയ്സിനോടോ മത്സരിക്കാൻ എയർ ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, പുലർച്ചെയുള്ള ജോലിത്തിരക്കിനിടയില്‍ ജീവനക്കാർക്ക് എല്ലാപ്പോഴും മികച്ച രീതിയില്‍ പെരുമാറാൻ കഴിഞ്ഞെന്നു വരില്ലെന്നും എയർ ഇന്ത്യ കൗണ്ടറില്‍ നിന്ന് മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നല്‍കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാമെന്നും ചിലർ ജീവനക്കാരിയെ അനുകൂലിച്ച് അഭിപ്രായപ്പെടുന്നുണ്ട്.വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മനോവിഷമം മനസിലാക്കി കൂടുതല്‍ മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന ചർച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.