രാജപുരം: റാണിപുരത്ത് കർണാടക വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പ് ഷെഡ് കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം കെട്ടിടം തകർത്തത്. കെട്ടിടത്തിന്റെ പരിസരത്തേക്ക് ആനക്കൂട്ടം കടക്കാതിരിക്കാൻ ക്യാമ്പ് ഷെഡിന് ചുറ്റും വർഷങ്ങൾക്ക് മുൻപ് കിടങ്ങ് തീർത്തിരുന്നു.എന്നാൽ, അത് ഇടിച്ച് താഴ്ത്തിയാണ് ആനക്കൂട്ടം കെട്ടിടത്തിന് സമീപമെത്തിയത്. കർണാടക വനംവകുപ്പ് ജീവനക്കാർ ഇടയ്ക്ക് എപ്പോഴെങ്കിലും പകൽസമയത്ത് ക്യാമ്പ് ഷെഡിലെത്തി തിരിച്ചുപോവുകയാണ് പതിവ്. രാത്രികാലത്ത് ഷെഡിൽ ആളില്ലാത്തതിനാൽ അപകടമൊഴിവായി.റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിലെ ട്രെക്കിങ് വഴിയിൽ ആനക്കൂട്ടമെത്തിയതോടെ വെള്ളിയാഴ്ച സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ജീവനക്കാർ ട്രെക്കിങ് പാതയിൽ പരിശോധന നടത്തി ആനക്കൂട്ടമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും പ്രവേശനം. ദിവസങ്ങൾക്ക് മുൻപും ആനയിറങ്ങിയതിനെ തുടർന്ന് രണ്ടുമണിക്കൂറോളം ട്രെക്കിങ് മുടങ്ങിയിരുന്നു.