ദീപാവലി ആഘോഷങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദക്ഷിണ പശ്ചിമ റെയില്‍വേ ബംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.അതേസമയം, ഉത്സവ സീസണില്‍ തീവണ്ടികളില്‍ പടക്കം ഉള്‍പ്പെടെയുള്ള തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ ദക്ഷിണ റെയില്‍വേ കർശന മുന്നറിയിപ്പ് നല്‍കി.
യാത്രാ തിരക്ക് കുറയ്ക്കുന്നതിനായി പ്രധാനപ്പെട്ട തീയതികളില്‍ SWR പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ഒക്ടോബർ 18, 21, 25 തീയതികളില്‍ കെ. എസ്. ആർ. ബംഗളൂരുവില്‍ നിന്ന് രാവിലെ 8:05-ന് പുറപ്പെട്ട്, അതേ ദിവസം ഉച്ചയ്ക്ക് 2:45-ന് ചെന്നൈ സെൻട്രലില്‍ എത്തും.ഒക്ടോബർ 18, 21, 25 തീയതികളില്‍ ചെന്നൈ സെൻട്രലില്‍ നിന്ന് വൈകുന്നേരം 4:30-ന് പുറപ്പെട്ട് രാത്രി 10:45-ന് കെ.എസ്.ആർ. ബംഗളൂരുവില്‍ എത്തിച്ചേരും. യശ്വന്ത്പൂർ, കെ.ആർ. പുരം, ബംഗാരപ്പേട്ട്, ജോലാർപ്പേട്ടൈ, കാട്പാടി, അരക്കോണം, തിരുവള്ളൂർ, പേരമ്ബൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടാകും.
അധിക സർവ്വീസുകള്‍ ഒരുക്കുന്നതിനൊപ്പം റെയില്‍വേ സുരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ട്രെയിനുകളില്‍ പടക്കങ്ങള്‍, പെട്രോള്‍, ഡീസല്‍, മറ്റ് തീപിടിക്കുന്ന വസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ് നല്‍കി. ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഇത്തരം സാധനങ്ങള്‍ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവണ്‍മെന്റ് റെയില്‍വേ പോലീസും സംയുക്തമായി പ്രധാന സ്റ്റേഷനുകളില്‍ ബാഗേജ് പരിശോധന ഉള്‍പ്പെടെയുള്ള വിപുലമായ പരിശോധനകളും ബോധവല്‍ക്കരണ ക്യാമ്ബയിനുകളും നടത്തുന്നുണ്ട്.
ആദ്യ തവണ 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ആറ് മാസം വരെ തടവോ ലഭിക്കാം. ഇത് ആവർത്തിച്ചാല്‍ 5,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് വർഷം വരെ തടവോ ലഭിക്കാവുന്നതാണ്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ റെയില്‍വേ സുരക്ഷാ ഹെല്‍പ്‌ലൈൻ നമ്ബറുകളായ 139-ലോ 182-ലോ ബന്ധപ്പെടണമെന്നും റെയില്‍വേ അധികൃതർ അഭ്യർത്ഥിച്ചു.