മംഗളൂറു: സംസ്ഥാന തലസ്ഥാനത്ത് പരപ്പന അഗ്രഹാര ജയിലില്‍ ശനിയാഴ്ച രാവിലെ പൊലീസ് നടത്തിയ റെയ്ഡില്‍ തടവുകാരില്‍ നിന്ന് ആയുധങ്ങളും മൊബൈല്‍ ഫോണുകളും മയക്കുമരുന്നും പിടിച്ചെടുത്തു. മരിജുവാന പുകയെടുക്കാനുള്ള ഹുകയും ജയിലില്‍ സജ്ജീകരിച്ചിരുന്നു.40 വിവിധ ഇനം ആയുധങ്ങള്‍, കഞ്ചാവ്, മൊബൈല്‍ ഫോണുകള്‍, പെന്‍ഡ്രൈവ് എന്നിവ ശനിയാഴ്ച ഉച്ചവരെ ലഭിച്ചു. ബംഗളൂറു പൊലീസ് ജോയിന്റ് കമീഷണര്‍ സന്ദീപ് പടിലിന്റെ നിര്‍ദേശമനുസരിച്ച് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് ജയിലിലും കുറ്റവാളികളുടെ വീടുകളിലും ഒരേസമയം റെയ്ഡ് ആരംഭിച്ചത്.
ബംഗളൂറു നോര്‍ത്, വെസ്റ്റ്, സൗത്-ഈസ്റ്റ്, സെന്‍ട്രല്‍, വൈറ്റ് ഫീല്‍ഡ്, ഈസ്റ്റ് ഡിവിഷന്‍ മേഖലകളില്‍ 800 റൗഡികളുടെ വീടുകളില്‍ പരിശോധന നടത്തുകയും 400 പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ജയിലില്‍ കുറ്റവാളികള്‍ക്ക് അധികൃതര്‍ അതിരുവിട്ട സ്വാതന്ത്ര്യം നല്‍കിയതിന്റെ സൂചനയുണ്ടെന്ന് പടില്‍ പറഞ്ഞു. ജയില്‍ അധികൃതരുടെ അനുമതിയോടെ ജീവനക്കാരെ ചോദ്യം ചെയ്യും.