ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച് രേണുകാസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ.ഹർജിയില്‍ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ ബെംഗളൂരു സിറ്റി കോടതി ആവശ്യപ്പെട്ടു.ജയില്‍ മാന്വല്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ദർശന് അനുവദിച്ചുകൊടുക്കാൻ ഈ മാസം ഒൻപതിന് കോടതി ജയില്‍ അധികൃതരോട് നിർദേശിച്ചിരുന്നു. കിടക്ക, തലയണ എന്നിവ അനുവദിക്കാനും ജയില്‍ വളപ്പിലൂടെ നടക്കാൻ സൗകര്യമൊരുക്കാനും നിർദേശിച്ചു.
തന്നെ ബല്ലാരി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദർശൻ നല്കിയ ഹർജിയിലായിരുന്നു കോടതി ഈ നിർദേശങ്ങള്‍ നല്‍കിയത്. കോടതി നിർദേശമുണ്ടായിട്ടും ഇതൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദർശൻ വീണ്ടും കോടതിയെ സമീപിച്ചത്. ഹർജി അടുത്തമാസം ഒൻപതിന് വീണ്ടും പരിഗണിക്കും.ദർശന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീംകോടതി റദ്ദാക്കിയതാണ്.
തുടർന്നാണ് പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞവർഷം അറസ്റ്റിലായപ്പോഴും ദർശനെ ആദ്യം ഈ ജയിലിലാണ് പ്രവേശിപ്പിച്ചത്.ഇവിടെ ജയില്‍ ഉദ്യോഗസ്ഥർ പ്രത്യേക പരിഗണന നല്‍കുന്നെന്ന് ആരോപണമുയർന്നതോടെ ബല്ലാരി ജയിലേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞവർഷം ജൂണിലാണ് രേണുകാസ്വാമി കൊലചെയ്യപ്പെട്ടത്. ദർശനും നടി പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പേരെ കേസില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.