അമ്മായി അമ്മയ്ക്ക് സ്വഭാവ ദൂഷ്യമെന്ന് ആരോപിച്ച് കൊലപ്പെടുത്തി മകളുടെ ഭർത്താവ് കൂടിയായ ദന്ത ഡോക്ടർ.മൃതദേഹം 19 കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മരുമകൻ അടക്കം മൂന്ന് പേർ അറസ്റ്റില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തുംകുരുവിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയുടെ മൃതദേഹഭാഗങ്ങള്‍ പത്തിടങ്ങളില്‍ നിന്നായി കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവും ദന്ത ഡോക്ടറുമായ ഡോ. രാമചന്ദ്രപ്പ എസ്, രണ്ട് സഹായികള്‍ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് ഏഴിന് തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പത്തിടങ്ങളില്‍ നിന്നായി 42കാരിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്ന് പേരും തുംകുരു സ്വദേശികളാണ്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ലക്ഷ്മിദേവമ്മയ്ക്ക് സ്വഭാവദൂഷ്യം തനിക്ക് അപമാനം ആകുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. തുംകുരുവിലെ ചിമ്ബുഗനഹള്ളിയില് വ്യാഴാഴ്ചയാണ് പ്രദേശവാസി കുറ്റിക്കാട്ടില്‍ നിന്ന് ഇറങ്ങി വന്ന തെരുവുനായയുടെ വായില്‍ മനുഷ്യന്റെ കൈ ശ്രദ്ധിക്കുന്നത്.
കൊറട്ടഗെരിയ്ക്കും കൊലാലയ്ക്കും ഇടയില്‍ നായ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നിയോജക മണ്ഡലത്തില്‍ നടന്ന സംഭവമായതിനാല്‍ കൊലപാതകം വലിയ രീതിയില്‍ ചർച്ചയായതിന് പിന്നാലെ പൊലീസ് പ്രത്യേക അന്വേഷണ സംഘം കേസില്‍ രൂപീകരിച്ചിരുന്നു.പൊലീസ് നടത്തിയ തെരച്ചിലില്‍ മൂന്ന് കിലോമീറ്റർ പരിധിയില്‍ പത്തിടങ്ങളില്‍ നിന്നായാണ് മനുഷ്യ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ കണ്ടെത്തിയത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയെ ഓഗസ്റ്റ് 4 മുതല്‍ കാണാതായിരുന്നു.
മകളെ കാണാനായി പോയ 42കാരി തിരിച്ചെത്തിയില്ലെന്നാണ് പൊലീസില്‍ ലഭിച്ച പരാതി. 42കാരിയുടെ ഭർത്താവ് ബാസവരാജുവാണ് ഭാര്യയെ കാണുന്നില്ലെന്ന് പരാതി നല്‍കിയത്. മൃതദേഹത്തിന്റെ ആദ്യഭാഗം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുൻപാണ് 42കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സിദ്ദാർപെട്ട റോഡില്‍ ചിമ്ബുഗനഹള്ളിയ്ക്കും വെങ്കടപുരയ്ക്കും ഇടയിലായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.ഓഗസ്റ്റ് ഏഴിന് ചിമ്ബുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് നായ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈ കടിച്ചു കൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടത്.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒരുകിലോമീറ്റര്‍ അകലെയായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു കൈകൂടി കണ്ടെത്തി. പിന്നാലെ ഒരു സ്ത്രീയുടെ തലയടക്കം ശരീരഭാഗങ്ങള്‍ പത്ത് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലിംഗപുര റോഡ് പാലത്തിന് സമീപം മനുഷ്യന്റെ കുടലിന്റെ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബെൻഡോണ്‍ നഴ്സറിക്ക് സമീപത്ത് നിന്ന് ആമാശയവും മറ്റ് ആന്തരിക അവയവങ്ങളും കണ്ടെത്തി. ജോണിഗരഹള്ളിക്ക് സമീപം രക്തം പുരണ്ട ഒരു ബാഗും കണ്ടെത്തുകയായിരുന്നു.
സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിന് സമീപത്തുനിന്ന് രണ്ട് ബാഗുകളിലായാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്ക് സമീപത്തുനിന്നും സ്ത്രീയുടെ വെട്ടിമാറ്റിയ തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പത്തിടങ്ങളില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.