Home Featured രാജ്യത്തെ ഐടി കയറ്റുമതിയിൽ 35 ശതമാനം വിഹിതം കർണാടകത്തിന്റേത് ; സിദ്ധരാമയ്യ

രാജ്യത്തെ ഐടി കയറ്റുമതിയിൽ 35 ശതമാനം വിഹിതം കർണാടകത്തിന്റേത് ; സിദ്ധരാമയ്യ

by admin

ബെംഗളൂരു: രാജ്യത്തെ ഐടി കയറ്റുമതിയിൽ 35 ശതമാനം വിഹിതം കർണാടകത്തിന്റേതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതിൽ കർണാടകയാണ് രാജ്യത്ത് മുൻപിൽ. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെയും ഗവേഷണ ഉത്പന്നങ്ങളുടെയും ഇന്ത്യയുടെ കയറ്റുമതിയിൽ 40 ശതമാനവും കർണാടകത്തിൽനിന്നാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേവനഹള്ളിയിൽ ജർമൻ സോഫ്റ്റ്‌വേർ കമ്പനിയായ സാപ് സ്ഥാപിച്ച പുതിയ ഇനവേഷൻ പാർക്ക് ഉദ്ഘാടനംചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

കർണാടകത്തിൽ 500 ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 18,000-ലധികം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ യൂണികോൺസ് കമ്പനികളുടെ 40 ശതമാനവും കർണാടകത്തിലാണ്. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ എട്ടുശതമാനം കർണാടകത്തിന്റെ സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ഐടി തലസ്ഥാനം എന്നനിലയിൽനിന്ന് ബെംഗളൂരു ഒരു വിജ്ഞാനതലസ്ഥാനമായും നിർമിതബുദ്ധിയുടെ തലസ്ഥാനമായും ക്വാണ്ടം തലസ്ഥാനമായും പരിണമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായങ്ങൾക്കുള്ള അവസരങ്ങൾ ഒരുക്കുന്നതിലും യുവാക്കൾക്ക് ഇനവേഷൻ അവസരങ്ങളുണ്ടാക്കി അവർക്ക് നല്ലഭാവി സൃഷ്ടിക്കുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചൂണ്ടിക്കാട്ടി. ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെയും സംബന്ധിച്ചു.

സാപ് ലാബ്‌സ് ഇന്ത്യ ഇനവേഷൻ പാർക്ക്ബെംഗളൂരുവിൽ തുറന്നു

ബെംഗളൂരു: ജർമൻ സോഫ്റ്റ്‌വേർ കമ്പനിയായ സാപ് ബെംഗളൂരുവിൽ 41 ഏക്കർ സ്ഥലത്ത് സ്ഥാപിച്ച പുതിയ ഗവേഷണകേന്ദ്രം പ്രവർത്തനം തുടങ്ങി. സാപ് ലാബ്‌സ് ഇന്ത്യ ഇനവേഷൻ പാർക്ക് കാംപസ് എന്നപേരിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന ദേവനഹള്ളിയിലാണ് പുതിയകേന്ദ്രം സ്ഥാപിച്ചത്.210 ദശലക്ഷം യുഎസ് ഡോളറിന്റെ (1785 കോടി രൂപ) നിക്ഷേപമാണ് പുതിയ ഗവേഷണകേന്ദ്രത്തിനായി കമ്പനി നടത്തിയിരിക്കുന്നത്. 15,000 ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കേന്ദ്രമാണിത്. ജർമനിക്കുപുറത്ത് കമ്പനിക്കുള്ള ഏറ്റവുംവലിയ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്.

ആദ്യഘട്ടമായി 27 ഏക്കർ സ്ഥലമാണ് പ്രവർത്തനസജ്ജമാക്കിയത്. ഇതിൽ 3,200 ജീവനക്കാരെ പ്രവേശിപ്പിച്ചു. 2028-ഓടെ കാംപസ് പൂർണസജ്ജമാവും.സാപ് ലാബ്‌സ് ഇന്ത്യയുടെ രണ്ടാമത്തെ കാംപസാണ് ബെംഗളൂരുവിൽ വരുന്നത്. ആദ്യത്തേത് വൈറ്റ്ഫീൽഡിലാണ്. ഇതിന്റെ ഇരട്ടിവിസ്തൃതിയാണ് പുതിയ കാംപസിനുള്ളത്. ബെംഗളൂരുവിനുപുറമെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലാണ് മറ്റ് കാംപസുകൾ. ആകെ 17,000 ജീവനക്കാർ ഇന്ത്യയിൽ കമ്പനിയുടെ ഭാഗമായുണ്ട്. 1,500 മുതൽ 2,000 പേർക്കുവരെ കമ്പനി ഓരോവർഷവും പുതുതായി നിയമനം നൽകാറുണ്ട്. പുതിയ കാംപസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group