കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. മാണ്ഡ്യ ഗവ. സ്‌കൂളിലാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്.മുട്ട വിതരണം തുടർന്നാല്‍ കുട്ടികളെ പിൻവലിക്കും എന്നാണ് ഭീഷണി. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ ഒന്നുകില്‍ മുട്ട വിതരണം നിർത്തുക, അല്ലെങ്കില്‍ കുട്ടികളുടെ ടിസി തരുക എന്ന ആവശ്യവുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ സംഘടിച്ചെത്തി.
സ്‌കൂളില്‍ ആകെയുള്ള 120 വിദ്യാർഥികളില്‍ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു. സ്‌കൂള്‍ ക്ഷേത്രത്തിനടുത്തായതിനാല്‍ മുട്ട വിതരണം ഗ്രാമവാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് രക്ഷിതാക്കള്‍ വാദിച്ചു. വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മാംസാഹാരം നിരോധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഗ്രാമത്തില്‍ വർഷങ്ങളായി ഈ പാരമ്ബര്യം പിന്തുടരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മുട്ടക്ക് പകരം വാഴപ്പഴവും ചിക്കി ബാറുകളും വിദ്യാർഥികള്‍ക്ക് നല്‍കുന്നുണ്ട്.
സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി മൂന്ന് വർഷം മുമ്ബ് സർക്കാർ മുട്ട വിതരണം ആരംഭിച്ചപ്പോള്‍ സ്‌കൂള്‍ വികസന മാനേജ്‌മെന്റ് കമ്മിറ്റി (എസ്ഡിഎംസി) ഈ തീരുമാനം എടുത്തിരുന്നു. നിലവില്‍ എല്ലാ വിദ്യാർഥികള്‍ക്കും വാഴപ്പഴവും ചിക്കി ബാറുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഗ്രാമവാസികളില്‍ ഒരു വിഭാഗത്തിന്റെ അഭ്യർഥന മാനിച്ചാണ് മുട്ട കഴിക്കുന്ന വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.ഗ്രാമത്തിലെ ഭൂരിഭാഗം വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ കുട്ടികള്‍ക്ക് വീടുകളില്‍ മുട്ട നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സസ്യാഹാരികളായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.