ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എല്‍) ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) വാങ്ങാൻ തനിക്ക് താല്‍പര്യമുണ്ടെന്ന അഭ്യൂഹങ്ങള്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തള്ളി.’ഞാൻ ഒരു ഭ്രാന്തനല്ല. എനിക്ക് എന്തിനാണ് ആർ.സി.ബി വേണ്ടത്? ഞാൻ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ചെറുപ്പം മുതല്‍ കർണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായിരുന്നിട്ടും ഫ്രാഞ്ചൈസിയുടെ മാനേജ്‌മെന്റില്‍ ചേരാൻ ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതില്‍ ഇടപെടാൻ തനിക്ക് സമയമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു.
മാനേജ്മെന്റിന്റെ ഭാഗമാകാൻ എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും എനിക്ക് സമയമില്ല. എന്റെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലകള്‍ രാജിവെച്ച് അത് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു.ബ്രിട്ടീഷ് ഡിസ്റ്റിലറും ഇന്ത്യൻ യൂനിറ്റായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് വഴി ആർ.സി.ബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പി.എല്‍.സി, ആർ.സി.ബി ഫ്രാഞ്ചൈസിയുടെ ഒരു ഭാഗമോ മുഴുവനായോ വില്‍ക്കാൻ ശ്രമിക്കുന്നതായി വിവരം വന്നതിന് തൊട്ടുപിന്നാലെയാണ് ഈ അഭ്യൂഹങ്ങള്‍ ഉയർന്നത്.