സർക്കാർ ജോലികളില്‍ മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം നല്കുന്ന ബില്‍ കർണാടക ഗവർണര്‍ തവർ ചന്ദ് ഗെലോട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായി അയച്ചു.മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നീക്കം.”പുതിയ ഭേദഗതി പ്രകാരം പിന്നാക്ക വിഭാഗം കാറ്റഗറി II (ബി)ക്ക് നാല് ശതമാനം സംവരണം നല്കുന്നു. മുസ്ലിംകള് മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മതാടിസ്ഥാനത്തില്‍ ഒരു സമുദായത്തിന് സംവരണം നല്‍കുന്നതായി ഇതിനെ വ്യാഖാനിക്കാം. ഭരണഘടനാ അനുഛേദം 15, 16 എന്നിവ പ്രകാരം മതാടിസ്ഥാനത്തില്‍ സംവരണം നല്‍കരുതെന്നും സാമൂഹ്യ, സാമ്ബത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്” -ഗവർണർ പറഞ്ഞു.
മുസ്ലിംകള്ക്ക് നാല് ശതമാനം സംവരണം നല്കുന്ന ബില്‍ മാർച്ചിലാണ് കർണാടക നിയമസഭ പാസാക്കിയത്. തുടർന്നു ബി.ജെ.പിയും എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസും ബില്ലിനെ എതിർത്തു രംഗത്തു വന്നിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇരു പാർട്ടികളുടെയും ആരോപണം. ബില്‍ സമൂഹത്തെ ധ്രുവീകരിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികള്‍ ഗവർണർക്ക് നിവേദനവും നല്‍കിയിരുന്നു.മതവിഭാഗങ്ങള്‍ക്ക് സംവരണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രത്യേക പിന്നാക്ക സമുദായങ്ങളിലെ അംഗങ്ങളായാണ് നിലവില്‍ സംവരണം ഏർപ്പെടുത്തുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുസ്ലിം വിഭാഗത്തില്‍ ഉള്‍പ്പെട്ട മോമിൻ, ജുലാഹ എന്നിവ കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ ആദ്യ ടേമിലാണ് നിലവിലെ ബില്ലിന്റെ ചർച്ചകള്‍ ആരംഭിച്ചത്. പട്ടികജാതി-വർഗക്കാർക്ക് 24 ശതമാനം സംവരണം നിർദേശിച്ചിരുന്നു. 2025-ല്‍, പിന്നാക്ക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഇത് വിപുലീകരിച്ചു.മുസ്ലിംകളെ ഒ.ബി.സി ഉപവിഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്കുന്നതിനാല് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ പക്ഷം. ഇതോടെ തന്റെ വിവേചനാധികാരം ഉപയോഗിച്ച് ബില്‍ രാഷ്ട്രപതിക്ക് അയക്കുകയാണെന്ന് ഗവർണർ പ്രസ്താവനയില്‍ പറഞ്ഞു. ഗവർണർമാർ മൂന്ന് മാസത്തിനകം ബില്ലില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി വിധിവന്ന് ദിവസങ്ങള്‍ പിന്നടവേയാണ് ഗവർണറുടെ നീക്കമെന്നത് ശ്രദ്ധേയമാണ്