Home Featured ആ നടൻ ഷൈൻ ടോം ചാക്കോ, ഫിലിം ചേംബറിന് പരാതി നല്‍കി നടി വിൻസി അലോഷ്യസ്

ആ നടൻ ഷൈൻ ടോം ചാക്കോ, ഫിലിം ചേംബറിന് പരാതി നല്‍കി നടി വിൻസി അലോഷ്യസ്

by admin

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച്‌ മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച്‌.സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്‌ച ചേംബ‌ർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും.

സിനിമ സെറ്റില്‍ വെച്ച്‌ നടൻ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തല്‍; നടി വിൻസിയില്‍ നിന്ന് വിവരങ്ങള്‍ തേടാൻ എക്സൈസ്

നടി വിൻസി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാൻ എക്സൈസ്. എറണാകുളം എക്‌സൈസ് വിഭാഗമാണ് വിവരങ്ങള്‍ തേടുക.സിനിമ സെറ്റില്‍ വെച്ച്‌ നടൻ ലഹരി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലിലാണ് വിവരങ്ങള്‍ തേടുക. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്താൻ കഴിയുവെന്നും വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാനാവില്ലെന്നും എക്സൈസ് വ്യക്തമാക്കി.

കഴി‍ഞ്ഞ ദിവസം ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ല എന്ന പ്രസ്താവനയില്‍ നടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ഒരു സിനിമാ സെറ്റില്‍ വെച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് നടി പറഞ്ഞു. ഒരു നടൻ സിനിമാ സെറ്റില്‍വെച്ച്‌ ലഹരി ഉപയോഗിച്ച്‌ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂർത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടിയുടെ പ്രതികരണം.

വിൻ സിയുടെ പ്രതികരണത്തിൻ്റെ പൂർണ്ണരൂപം: കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ ഇനി സിനിമ ചെയ്യില്ലെന്നായിരുന്നു ആ പ്രസ്താവന. ഇത് മാധ്യമങ്ങളില്‍ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ ആ വാർത്തകളുടെ കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലിന്റെ പുറത്താണ് ഈ വീഡിയോ ചെയ്യുന്നത്.

പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച്‌ മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറി. എന്റെ ഡ്രസ്സില്‍ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോള്‍, ‘ഞാനും വരാം, ഞാൻ വേണമെങ്കില്‍ റെഡിയാക്കിത്തരാം’ എന്നൊക്കെ എല്ലാവരുടേയും മുന്നില്‍വെച്ച്‌ പറയുന്നരീതിയിലുള്ള പെരുമാറ്റമുണ്ടായി. അയാളുമായി സഹകരിച്ച്‌ മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.

വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റില്‍ ഇതെല്ലാം ഉപയോഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച്‌ അതൊരു ശല്യമായി മാറുമ്ബോള്‍ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ വർക്ക് ചെയ്യാൻ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാള്‍ക്കൊപ്പം വർക്ക് ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാൻ അണ്‍കംഫർട്ടബിളായത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയുമുണ്ടായി. പ്രധാനതാരമായി തിരഞ്ഞെടുത്ത വ്യക്തിയാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്.

നല്ലൊരു സിനിമയായിരുന്നു അത്. പക്ഷേ ആ വ്യക്തിയില്‍ നിന്നുണ്ടായ അനുഭവത്തിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളില്‍ നിന്നുണ്ടാവുന്നത്. അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? ഇങ്ങനെ നിലപാടെടുക്കാൻ നീ ആര് സൂപ്പർസ്റ്റാർ ആണോ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയില്‍നിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.

സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്. സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. അതുപോലെ സിനിമയാണ് എന്റെ ജീവിതം, അതില്ലാത്ത പറ്റില്ല എന്നും ചിന്തിക്കുന്ന വ്യക്തിയല്ല ഞാൻ. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെ നിന്നാണ് വന്നതെന്നും എത്തിനില്‍ക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങള്‍ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.

ലഹരി ഉപയോഗിക്കുന്നവർ വ്യക്തിജീവിതത്തില്‍ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്ബോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളില്‍ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച്‌ സിനിമകള്‍ ചെയ്യാൻ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group