ബംഗളൂരു: പാല്‍ വില വർധിപ്പിക്കാനുള്ള കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ (കെ.എം.എഫ്) നീക്കത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക സംസ്ഥാന ഹോട്ടല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കർണാടക സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചു.ക്ഷീര കര്‍ഷകരുടെ അഭ്യര്‍ഥന പ്രകാരം ലിറ്ററിന് അഞ്ച് രൂപ വർധിപ്പിക്കാനാണ് കെ.എം.എഫ് നീക്കം.പാലിന്‍റെ വില കൂട്ടുന്നതിനൊപ്പം അളവ് കുറക്കാനും ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വില വർധിപ്പിച്ചപ്പോള്‍ പാക്കറ്റില്‍ 50 മില്ലി ലിറ്റർ അധികം ഏർപ്പെടുത്തിയിരുന്നത് കുറക്കുമെന്നാണ് വിവരം. പാല്‍വില വർധിപ്പിക്കാനുള്ള തീരുമാനം ഹോട്ടല്‍ വ്യവസായത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോട്ടല്‍ അസോസിയേഷന്‍ (കെ.എസ്.എച്ച്.എ) പ്രസിഡന്‍റ് ജി.കെ. ഷെട്ടി പറഞ്ഞു.
പാല്‍ വില വർധിപ്പിച്ചാല്‍ ഹോട്ടലുകളിലെ പാനീയങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അവർ ചൂണ്ടിക്കാട്ടി. നഗരത്തിലെ മിക്ക ഹോട്ടലുകളും കാപ്പിയുടെ വില 15 മുതല്‍ 30 വരെ രൂപ വർധിപ്പിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നത്. വില വർധന നടപ്പിലാവുന്നതോടെ ഉപഭോക്താക്കള്‍ വില കുറഞ്ഞ സ്ഥലങ്ങളില്‍നിന്നു ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകുകയും അവ അനാരോഗ്യത്തിന് കാരണമാകുകയും ചെയ്യും. വിലകൂട്ടാനുള്ള നീക്കം തടയുന്നത് സംബന്ധിച്ച് സംബന്ധിച്ച് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലുകളില്‍ പാചകത്തിനായി നിത്യവും ശരാശരി 50 ലിറ്ററോളം പാലാണ് ഉപയോഗിക്കുന്നത്. ചായയും കാപ്പിയും ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമല്ല നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കൂടി പാല്‍ ഉപയോഗിക്കുന്നുണ്ട്. പാല്‍ വില കൂടുന്നതോടെ ഭക്ഷണ ചെലവും കൂടുമെന്നും പെട്ടെന്നുള്ള ഭക്ഷണ വില വർധനയുമായി ആളുകള്‍ സഹകരിക്കില്ലെന്നും ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നു.കോഫി ബ്രൂവേഴ്സ് അസോസിയേഷൻ അടുത്തിടെയാണ് കാപ്പിയുടെ വില വർധിപ്പിച്ചത്. പാലിന്‍റെ വില കൂടി ഉയരുന്നതോടെ ഹോട്ടല്‍ വ്യവസായത്തെ തീരുമാനം സാരമായി ബാധിക്കും.
2022, 2024 വര്‍ഷങ്ങളില്‍ യഥാക്രമം രണ്ട് രൂപ, മൂന്ന് രൂപ എന്നീ നിരക്കില്‍ നന്ദിനി പാല്‍ വില വർധിപ്പിച്ചിരുന്നു. വില വർധന പ്രാബല്യത്തില്‍ വരുന്നതോടെ വെണ്ണ, തൈര്, മോര്, നെയ്യ് എന്നീ പാലുല്‍പന്നങ്ങള്‍ക്കും വില കൂടും.കന്നുകാലികളുടെ തീറ്റ, പാലുല്‍പന്നങ്ങളുടെ നിർമാണ ചെലവ്, പാലുല്‍പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍. ഇവ കണക്കിലെടുത്താണ് വില വർധന നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബി. ശിവ സ്വാമി പറഞ്ഞു.