Home Featured ചിക്കമഗളൂരു വനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

ചിക്കമഗളൂരു വനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

by admin

ചിക്കമഗളൂരു വനത്തില്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൊപ്പ താലൂക്കിലെ കിത്തലെഗുളി വനമേഖലയില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.ഒരു എ.കെ 56 റൈഫിള്‍, രണ്ട് 303 തോക്കുകള്‍, ഒരു 12 ബോർ എസ്.ബി.ബി.എല്‍ ഗണ്‍, ഒരു നാടൻ തോക്ക്, 176 തിരകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവ കീഴടങ്ങിയ മാവോവാദികള്‍ ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച്‌ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ചിക്കമഗളൂരു എസ്.പി വിക്രം അമാത്തെ പറഞ്ഞു. ചില ആയുധങ്ങളില്‍ മാവോവാദികളുടേതെന്ന് കരുതുന്ന ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂയെന്നും എസ്.പി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജയപുര പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ആയുധനിയമത്തിലെ മൂന്ന്, ഏഴ്, 25 (ഒന്ന് ബി), 25 (ഒന്ന് എ) വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയായ ‘കൃഷ്ണ’യിലെത്തിയാണ് മാവോവാദികളായ വയനാട് മക്കിമല സ്വദേശിനി ടി.എൻ. ജീഷ, തമിഴ്നാട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട ബെല്‍ത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവർ കീഴടങ്ങിയത്.

ഇവരുടെ യൂനിഫോമും കീഴടങ്ങാനുള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍, ആയുധങ്ങള്‍ വനത്തില്‍ ഒളിപ്പിച്ചാണ് സംഘം കാടിറങ്ങിയത്. കീഴടങ്ങിയ മാവോവാദികള്‍ ആയുധങ്ങള്‍ കൈമാറിയിട്ടില്ലെന്നും അവ ഉപേക്ഷിച്ചതായി കരുതുന്ന വനത്തില്‍നിന്ന് അവ വീണ്ടെടുക്കാൻ പൊലീസ് പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞിരുന്നു. കീഴടങ്ങിയ മാവോവാദി പ്രവർത്തകരെ ബംഗളൂരുവിലെ എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിരുന്നു. ഇവരെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group