തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് മിന്നല്‍ ബസ് സർവീസ് ആരംഭിക്കാൻ നീക്കവുമായി കെഎസ്‌ആർടിസി.കുറഞ്ഞ സ്റ്റോപ്പുകളും നിരക്കും മൂലം ജനപ്രിയമായി മാറിയ മിന്നല്‍ സർവീസുകള്‍ അടുത്തിടെയാണ് സംസ്ഥാനത്തിന് പുറത്തേയ്ക്ക് സർവീസ് ആരംഭിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പാലക്കാട് നിന്നും മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചിരുന്നത്. ഈ സർവീസുകള്‍ ലാഭകരമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ അന്തർ സംസ്ഥാന സർവീസുകള്‍ക്ക് പദ്ധതിയൊരുങ്ങുന്നത്.
തിരുവനന്തപുരത്ത് നിന്നും നിലവില്‍ സ്കാനിയ, വോള്‍വോ, എസി സ്ലീപ്പർ, നോണ്‍ എസി സ്ലീപ്പർ, സൂപ്പർ ഡീലക്സ് തുടങ്ങിയ ബസുകള്‍ കെഎസ്‌ആർടിസി ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ സ്റ്റോപ്പുകളുമായി മിന്നല്‍ ബസ് എത്തുന്നതോടെ ബുക്കിംഗ് ഉറപ്പാണെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ. ബെംഗളൂരുവിലേയ്ക്ക് കോഴിക്കോട്, പാലക്കാട് റൂട്ടുകളാണ് നിലവിലുള്ളത്.

മിന്നലിന്‍റെ സ്റ്റോപ്പുകളും റൂട്ടും ഈ മാസം തന്നെ തീരുമാനിക്കുമെന്ന് കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു. നിലവില്‍ മൂകാംബികയിലേയ്ക്ക് പാലക്കാട് കെഎസ്‌ആർടിസി സ്റ്റാൻഡില്‍ നിന്ന് ദിവസവും രാത്രി എട്ടിന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 6.20ന് കൊല്ലൂരിലെത്തും. കൊല്ലൂരില്‍ നിന്ന് രാത്രി 8ന് പാലക്കാട്ടേക്കും സർവീസ് നടത്തും. പാലക്കാട് സ്റ്റാൻഡില്‍ നിന്ന് ദിവസവും വൈകീട്ട് 7.30ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.45ന് കന്യാകുമാരിയിലെത്തും. തിരിച്ച് കന്യാകുമാരിയില്‍ നിന്ന് വൈകിട്ട് 7.45ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിക്കും.
2017ല്‍ എം.ജി രാജമാണിക്യം കെഎസ്‌ആർടിസി എംഡി ആയിരുന്ന കാലത്താണ് മിന്നല്‍ സർവീസ് തുടങ്ങിയത്. സാധാരണ ഡീലക്സ് ബസിലെ നിരക്കും കുറഞ്ഞ സ്റ്റോപ്പുകളും മൂലം ബസ് സർവീസുകള്‍ പെട്ടന്ന് ഹിറ്റായി. ഇതോടെ വിവിധ ഡിപ്പോകളില്‍ നിന്നും ദീർഘദൂര സർവീസുകള്‍ മിന്നലായി അവതരിച്ചു. ഇവയെല്ലാം മികച്ച കളക്ഷനോടെ സർവീസ് തുടരുകയാണ്. വേഗപരിധി ഉള്‍പ്പെടെ ഒഴിവാക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. ജില്ലയില്‍ ഒരു സ്റ്റോപ്പാണ് മിന്നലിനുള്ളത്. ഇതിനിടയ്ക്ക് ഒരിടത്തും നിർത്തില്ല. ഇതിനും കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു.
സ്റ്റോപ്പുകളില്ലാത്ത സ്ഥലത്ത് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന റോഡിലൂടെ ബസിന് സഞ്ചരിക്കാം. ഡ്രൈവർ കം കണ്ടക്ടർ രീതിയിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ രണ്ട് പേരും മാറി മാറി ബസ് ഓടിക്കും. മൂന്ന് വർഷമാണ് ഡീലക്സ് ബസുകളുടെ കാലാവധി. അത് കഴിഞ്ഞാല്‍ പിന്നെ ഗ്രേഡ് താഴ്ത്തി ഹ്രസ്വദൂര സർവീസുകള്‍ക്കാണ് ഉപയോഗിക്കുക. എന്നാല്‍ ഇപ്പോള്‍ ഓടുന്ന മിന്നല്‍ ഉള്‍പ്പെടെയുള്ള ഡീലക്സ് ബസുകള്‍ക്ക് ഏഴ് വർഷം പഴക്കമുണ്ട്. പലപ്പോഴും നിലംതൊടാതെയാണ് ബസ് പോകുന്നതെങ്കിലും ഇതുവരെ കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല. സർവീസ് ആരംഭിച്ച കാലത്ത് കരുനാഗപ്പള്ളിയില്‍ വെച്ചുണ്ടായ അപകടത്തില്‍ ചിലർക്ക് പരുക്കേറ്റത് മാത്രമാണ് പറയത്തക്ക അപകടം.
70 ശതമാനം ആള്‍ക്കാരും സ്ഥിരം യാത്രക്കാരാണ്. ഇതില്‍ പലരും ബസ് ജീവനക്കാരുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നവരാണ്. ശബരിമല സീസണ്‍ കഴിയുന്നതോടെ തിരുവനന്തപുരം – ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങാനുള്ള തീരുമാനത്തിലാണ് അധികൃതർ.