Home Featured കാലാവസ്ഥ; ബംഗളൂരു നഗരത്തിൽ ടോണ്‍സിലൈറ്റിസ് രോഗം വര്‍ധിക്കുന്നു

കാലാവസ്ഥ; ബംഗളൂരു നഗരത്തിൽ ടോണ്‍സിലൈറ്റിസ് രോഗം വര്‍ധിക്കുന്നു

by admin

ബംഗളൂരു: കാലാവസ്ഥമൂലം നഗരത്തില്‍ പനിയും ടോണ്‍സിലൈറ്റിസും ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിക്കുന്നു.കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളാണ് പ്രധാനമായും രോഗങ്ങള്‍ പടരാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.രണ്ടാഴ്ചയായി കഴിഞ്ഞ വർഷത്തേക്കാള്‍ 15 മുതല്‍ 20 വരെ ശതമാനം അധിക കേസുകളാണ് ടോണ്‍സിലൈറ്റിസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍ 100 ശതമാനത്തിലധികമാണിത്.കുട്ടികളിലും പ്രായമായവരിലുമാണ് കൂടുതലായും കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. അലർജി, ശ്വാസംമുട്ട് (ആസ്ത്മ), ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ടോണ്‍സിലൈറ്റിസ് പെട്ടെന്ന് പിടിപെടാനും സാധ്യതയുണ്ട്.

എന്താണ് ടോണ്‍സിലൈറ്റിസ്?തൊണ്ടയില്‍ രണ്ട് വശങ്ങളിലായി രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ നിർവഹിക്കുന്നവയാണ് ടോണ്‍സിലുകള്‍. ഇവ രോഗാണുക്കള്‍ക്കെതിരെ ആന്റിബോഡികളും ഉല്‍പാദിപ്പിക്കും. എന്നാല്‍, ചില സമയങ്ങളില്‍ ടോണ്‍സിലുകള്‍ക്ക് അണുബാധയേല്‍ക്കാം. ഇതിനെയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. വൈറസ് ബാധയാണ് ടോണ്‍സിലൈറ്റിസിന് പ്രധാന കാരണം. സാധാരണ ജലദോഷമുണ്ടാക്കുന്ന വൈറസുകള്‍തന്നെയാണ് ടോണ്‍സിലൈറ്റ്സുകള്‍ പരത്തുന്നത്.

പനിയോടൊപ്പമുള്ള കഠിനമായ തൊണ്ടവേദയാണ് പ്രധാന ലക്ഷണം. ഉമിനീർ, ഭക്ഷണം എന്നിവയൊന്നും ഇറക്കാൻ പോലും കഴിയാത്ത തരത്തില്‍ വേദനയുണ്ടായേക്കാം. കുട്ടികളില്‍ ഇത് വിട്ടുമാറാത്ത ജലദോഷം, മൂക്കടപ്പ്, കൂർക്കംവലി, വായയിലൂടെ ശ്വാസം വലിക്കല്‍, ഉറങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. എങ്കിലും എല്ലാ തൊണ്ടവേദനയും ടോണ്‍സിലൈറ്റിസ് അല്ല. ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാൻ പ്രാഥമികമായി ചെയ്യാവുന്നത് തിളപ്പിച്ച വെള്ളം ഇളം ചൂടോടെ കുടിക്കുക, ഇളം ചൂടില്‍ ഉപ്പിട്ട വെള്ളത്തില്‍ തൊണ്ട ഗാർഗിള്‍ ചെയ്യുക എന്നതാണ്.

മാറ്റമില്ലെങ്കില്‍ നിർബന്ധമായും ചികിത്സ തേടണം. ഇല്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അണുബാധയുണ്ടാകുന്നതിനും സൈനസുകളേയും ചെവി, ശ്വാസകോശം (ന്യൂമോണിയ), കഴുത്തിലെ മറ്റു ഗ്രന്ഥികള്‍ എന്നിവയെയെല്ലാം ബാധിക്കും. ധാരാളം വെള്ളം കുടിക്കുക, തണുത്തതും എരിവ് കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കുക, രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുന്നത് കുറക്കുക തുടങ്ങിയവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group