വ്യത്യസ്തവും വിചിത്രവുമായ എത്രയോ വാര്‍ത്തകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് നെറ്റീസണ്‍സിനിടയില്‍ അമ്ബരപ്പ് സൃഷ്ടിക്കുന്നത്. . ബന്ധുവിന്റെ വജ്രസ്ഥാപനത്തില് ജോലി ചെയ്യാന്‍ മടിയായതു കാരണം യുവാവ് സ്വന്തം വിരലുകള്‍ മുറിച്ചു മാറ്റിയത്രെ. ഗുജറാത്തിലെ സൂറത്ത് സിറ്റി പോലീസ് പറയുന്നതനുസരിച്ച്, യുവാവിന് ബന്ധുവിന്റെ ഡയമണ്ട് സ്ഥാപനത്തില്‍ കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നില്ല. അതേ തുടര്‍ന്ന് അതൊഴിവാക്കാനായി മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് തന്റെ വിരലുകള്‍ മുറിക്കുകയായിരുന്നത്രെ.
മയൂര്‍ താരാപറ എന്ന 32 -കാരനായ യുവാവാണ് ഇത് ചെയ്തത്. പോലീസിനോട് ആദ്യം മയൂര്‍ പറഞ്ഞത്, താന്‍ റോഡരികില്‍ ബോധരഹിതനായി വീണുവെന്നും തന്റെ വിരലുകള്‍ ആരോ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് കാണാനില്ല എന്നുമായിരുന്നു. എന്നാല്‍, പോലീസിന് അത് അത്രക്കങ്ങോട്ട് വിശ്വാസം വന്നിരുന്നില്ല. തുടര്‍ന്നാണ് വിശദമായ അന്വേഷണം നടന്നത്. അന്വേഷണത്തില്‍ മയൂര്‍ തന്നെയാണ് വിരലുകള്‍ മുറിച്ചു മാറ്റിയത് എന്ന് കണ്ടെത്തുകയായിരുന്നു. വരാച്ച മിനി ബസാറിലുള്ള ബന്ധുവിന്റെ സ്ഥാപനത്തില്‍ ജോലി തുടരാന്‍ യുവാവിന് താല്പര്യം ഇല്ലായിരുന്നത്രെ.
എന്നാല്‍, ഇതെങ്ങനെ ബന്ധുവിനോട് പറയുമെന്നും അറിയില്ലായിരുന്നു. അങ്ങനെ പറയാന്‍ മടിച്ചിട്ടാണ് വിരലുകള്‍ മുറിച്ച് മാറ്റിയത്. വിരലുകള്‍ നഷ്ടപ്പെട്ടാല്‍ ആ ജോലി തനിക്ക് ചെയ്യാന്‍ കഴിയാതെയാവുമെന്നും അങ്ങനെ ജോലിയില്‍ നിന്നും പുറത്ത് കടക്കാമെന്നുമാണ് യുവാവ് കണക്കുകൂട്ടിയത്.ആദ്യം പോലീസിനോട് മയൂര്‍ പറഞ്ഞത്, സുഹൃത്തിന്റെ വീട്ടില്‍ പോകും വഴിയാണ് റോഡരികില്‍ വീണത് എന്നാണ്. എന്നാല്‍, പോലീസ് സംശയിച്ചത് മന്ത്രവാദത്തിന് വേണ്ടി വിരല്‍ മുറിച്ചെടുത്തു എന്നാണ്. അങ്ങനെയാണ് വിശദമായ അന്വേഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും യുവാവ് തന്നെയാണ് ഇത് ചെയ്തത് എന്ന് മനസിലായി. പിന്നാലെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സത്യം തുറന്നു പറഞ്ഞു. ഒടുവില്‍, മൂന്ന് വിരലുകള്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ നിന്നും കത്തി മറ്റൊരു ബാഗില്‍ നിന്നും കണ്ടെത്തുകയായിരുന്നു.