ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം എ.ആർ.എം (അജയന്റെ രണ്ടാം മോഷണം) ഒടിടിയിലേക്ക്.’ ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ.ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസില്‍ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവരാണ് ഈ ആക്ഷൻ ഡ്രാമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ചിത്രം പറയുന്നത്.
ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതില്‍ നിന്നുണ്ടായ ഒരു ക്ഷേത്രവിളക്കും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.കളക്ടു ചെയ്ത ചിത്രം, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ജോമോൻ ടി ജോണ്‍ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആർഎം സ്ട്രീം ചെയ്യുക. നവംബർ 08ന് ഫാന്റസി ത്രില്ലറായ എആർഎം (അജയൻ്റെ രണ്ടാം മോഷണം) ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.
അതേസമയം നവംബറിൽ അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബർ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ എത്തിയേക്കും. തമിഴ് ചിത്രം ‘ലബ്ബർ പന്ത്’ ഹോട്ട്സ്റ്റാറിലൂടെ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ജീവയുടെ തമിഴ് ഹൊറർ ത്രില്ലർ ‘ബ്ലാക്ക്’ ആമസോൺ പ്രൈമിലൂടെ വാടകയ്ക്കു ലഭ്യമാണ്. രജനികാന്തിന്റെ വേട്ടയ്യൻ നവംബർ എട്ടിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.