ബംഗളൂരുവില്‍നിന്നുള്ള ബസിലെ യാത്രക്കാരിയുടെ ബാഗില്‍നിന്ന് 4.81 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.കൊപ്പലങ്ങാടിയിലെ അമൂല്യ സുകേഷിനാണ് സ്വർണം നഷ്ടപ്പെട്ടത്.യാത്രയ്ക്കിടെ ആഭരണങ്ങളടങ്ങിയ ബാഗ് കാലിന് സമീപം വച്ചത്. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോൾ ബാഗിൽ നിന്ന് ആഭരണങ്ങൾ കാണാതായി. മോഷണം പോയ സ്വർണത്തിന് 4.81 ലക്ഷം രൂപ വില വരും. കാപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ചിത്രം ചവിട്ടിത്തേച്ച സംഭവം: മനസ്സു വൃത്തിയാവില്ല, കാലെങ്കിലും വൃത്തിയാവട്ടെയെന്ന് ഉദയനിധി
എതിരാളികള്‍ തന്റെ ചിത്രം ചവിട്ടിത്തേക്കുന്നതുകണ്ട് ആരും വിഷമിക്കേണ്ടെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.സംഘികളുടെ മനസ്സ് വൃത്തിയാക്കാൻ നമുക്കു കഴിയില്ലെന്നും കാലെങ്കിലും വൃത്തിയായിക്കോട്ടേയെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമവിവാദത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണ്‍ ഉദയനിധിക്കെതിരേ രംഗത്തുവന്നതോടെയാണ് ഉദയനിധിയുടെ ചിത്രത്തില്‍ കാല് തുടയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിന്റെ പടിയില്‍ ഉദയനിധി സ്റ്റാലിന്റെ ചിത്രംവരച്ച ചവിട്ടി സ്ഥാപിച്ചതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.ക്ഷേത്രത്തില്‍ കയറുന്നവരും ഇറങ്ങുന്നവരും ഈ ചിത്രത്തില്‍ കാല് ഉരച്ചു വൃത്തിയാക്കിയാണ് പോകുന്നത്.
കഴിഞ്ഞവർഷം സനാതനധർമ വിവാദ സമയത്തു പുറത്തിറങ്ങിയ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. ഇതു പങ്കുവെച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ പ്രതികരണം.ദ്രാവിഡ തത്ത്വങ്ങളിലെ സമത്വദർശനമാണ് എതിരാളികളെ പ്രകോപിപ്പിക്കുന്നത്. അവരുടെ അപക്വതയാണ് എന്നെ അവഹേളിക്കാനുള്ള ശ്രമങ്ങളില്‍ നിഴലിക്കുന്നത്. തന്തൈ പെരിയാർക്കുനേരേ ചെരിപ്പെറിഞ്ഞവരാണ് അവർ. അംബേദ്കറെയും അണ്ണാദുരൈയെയും അവർ അവഹേളിച്ചു. കരുണാനിധിയെയും സ്റ്റാലിനെയും അധിക്ഷേപിച്ചു -ഉദയനിധി പറഞ്ഞു.സനാതനധർമത്തെ ഉൻമൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പ്രസ്താവനയെ പവൻ കല്യാണ്‍ വിമർശിച്ചിരുന്നു.
സനാതനധർമം എന്നെന്നും നിലനില്‍ക്കുമെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരാണ് ഇല്ലാതാവാൻ പോകുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.കാത്തിരുന്നുകാണാം എന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഉദയനിധിയുടെ പ്രതികരണം. അതേസമയം, ഒരു വർഷം മുൻപത്തെ വീഡിയോയെപ്പറ്റി ഉദയനിധി ഇപ്പോഴെന്തിനാ പ്രതികരിക്കുന്നത് എന്ന് സാമൂഹികമാധ്യമങ്ങളില്‍ ചോദ്യം ഉയർന്നിട്ടുണ്ട്.