വിജയവാഡ: എട്ട് വയസ്സുകാരിയെ 12ഉം 13ഉം വയസ്സുള്ള സ്കൂള്‍ വിദ്യാർഥികള്‍ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
മൊബൈലില്‍ കണ്ട പോണ്‍ വിഡിയോയിലെ ദൃശ്യങ്ങള്‍ അനുകരിക്കുകയായിരുന്നെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും ഒരു ഏഴാംക്ലാസുകാരനും ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ ജില്ലയില്‍ ജൂലൈ ഏഴിനായിരുന്നു സംഭവം.
മൊബൈല്‍ ഫോണില്‍ പോണ്‍ ദൃശ്യങ്ങള്‍ കണ്ട കുട്ടികള്‍ എട്ടുവയസ്സുകാരിയെ അടുത്തുള്ള ആളൊഴിഞ്ഞ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ കുട്ടി കൊല്ലപ്പെട്ടു. സംഭവമറിഞ്ഞ ആണ്‍കുട്ടികളിലൊരാളുടെ പിതാവും അമ്മാവനും ചേർന്ന് പെണ്‍കുട്ടിയുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുകയും പിന്നീട് കല്ലില്‍ കെട്ടി കൃഷ്ണ നദിയില്‍ എറിയുകയും ചെയ്തു.
കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ വിവരം പുറത്തെത്തിയത്. മൃതദേഹം നദിയിലെറിഞ്ഞ പ്രതികളുടെ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായി കൃഷ്ണ നദിയില്‍ തിരച്ചില്‍ തുടരുകയാണ്. ഡ്രോണുകള്‍, അണ്ടർ വാട്ടർ കാമറകള്‍ എന്നിവയും എൻ.ഡി.ആർ.എഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്.