Home Uncategorized തനിക്ക് മുറിവേറ്റപ്പോൾ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചർ: അതിജീവിത

തനിക്ക് മുറിവേറ്റപ്പോൾ അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചർ: അതിജീവിത

by admin

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലുണ്ട്.

അങ്കമാലി മജിസ്‌ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാർഡ് പരിശോധിച്ചു. ഇതിനിടെ, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികൾ ഈ ദൃശ്യങ്ങൾ കാണുന്നതിനൊപ്പം ഇവ പകർത്തിയോ എന്നത് സംബന്ധിച്ച് അന്വേഷിച്ചിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാണിക്കുന്നു.

ഇരയുടെ സ്വകാര്യത ലംഘിച്ച് നിയമത്തെ അട്ടിമറിക്കാൻ നടന്ന ശ്രമത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ ചോദ്യം ചെയ്യുകയാണ് അതിജീവിത. അതിജീവിതയുടെ കുറിപ്പിന്റെ പൂർണരൂപം:

”ഇത് നീതി യുക്തമല്ലാത്തതും ഞെട്ടിക്കുന്നതുമാണ്”

”എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ വിചാരണ കോടതി നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി, സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങി മെമ്മറികാർഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയിൽ സുരക്ഷയില്ലെന്നത് ഭയമുളവാക്കുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ദുരാനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപൻമാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നിതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ…”

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ജില്ല0ാ സെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ പരിശോധനയ്ക്കായി വീട്ടിൽ കൊണ്ടുപോയി എന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2018 ഡിസംബർ 13-ന് രാത്രി 10.58-ന് മെമ്മറി കാർഡ് കോടതി ജീവനക്കാരൻ പരിശോധിച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ സംഭവ സമയത്ത് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിൽ എട്ടാംപ്രതിയായ നടൻ ദിലീപിനും അഭിഭാഷകർക്കും അവർ തന്റെ ലാപ്ടോപ്പിൽ കാണിച്ചുനൽകിയെന്നും പ്രോസിക്യൂഷന്റെ നിർദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയൽചെയ്തിരിക്കുന്ന ഉപഹർജിയിൽ ആരോപിക്കുന്നുണ്ട്. മുൻധാരണപ്രകാരമാണ് മജിസ്‌ട്രേറ്റ് ദൃശ്യങ്ങൾ പ്രതികൾക്ക് കാണിച്ചുകൊടുത്തതെന്നും ഇവ പ്രതികൾ പകർത്തിയേക്കാമെന്നും ഇക്കാര്യം സംബന്ധിച്ച് അന്വേഷണം വേണമെന്നും നടി ഈവശ്യപ്പെടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group