ബെംഗളൂരു: സുരക്ഷ മുൻനിർത്തി നഗരത്തിലെ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് മാർഗനിർദേശം നൽകി പോലീസ്.
അഡീഷണൽ പോലീസ് കമ്മിഷണർ രമൺഗുപ്തയാണ് സമൂഹികമാധ്യമമായ എക്സ് വഴി മാർഗനിർദേശം നൽകിയത്. പി.ജി. സ്ഥാപനങ്ങൾക്ക് നിർബന്ധമായും നഗരസഭയുടെ ട്രേഡ് ലൈസൻസ് ഉണ്ടായിരിക്കണമെന്നാണ് പ്രധാനനിർദേശം.
വിദേശപൗരൻമാർ താമസിക്കുന്നുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ നൽകണം. അവരുടെ പേര്, പാസ്പോർട്ട് നമ്പർ, വിസ നമ്പർ, അവർ എത്തിയതീയതി, സന്ദർശനത്തിന്റെ ഉദ്ദേശ്യം, ഇവിടത്തെ ബന്ധങ്ങൾ എന്നിവയാണ് അറിയിക്കേണ്ടത്. സ്ഥാപനത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നാണ് മറ്റൊരു നിർദേശം. തീപ്പിടുത്തത്തിനെതിരായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണം. രാത്രി പത്തുമുതൽ രാവിലെ ആറുവരെ സ്ഥാപനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. സ്ഥലത്തെ പോലീസ് സ്റ്റേഷന്റെ ഉൾപ്പെടെയുള്ള അടിയന്തര ഫോൺനമ്പറുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു.