ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കാണാതായ ആറാംക്ലാസ് വിദ്യാര്‍ഥിക്കായി പോലീസിന്റെ തിരച്ചില്‍ പുരോഗമിക്കുന്നു. ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍നിന്ന് കാണാതായ പരിണവന്ന 12കാരനെ കണ്ടെത്താനായാണ് പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്.
സുകേഷ്-നിവേദിത ദമ്ബതിമാരുടെ മകനായ പരിണവിനെ ഞായറാഴ്ച ഉച്ചയോടെയാണ് കാണാതാകുന്നത്. ഞായറാഴ്ച രാവിലെ കുട്ടിയെ അച്ഛനാണ് വൈറ്റ് ഫീല്‍ഡിലെ ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിട്ടത്. ഉച്ച കഴിഞ്ഞ് സുകേഷ് മകനെ കൂട്ടാനെത്തിയെങ്കിലും അതിന് മുന്‍പേ കുട്ടി ട്യൂഷന്‍ സെന്ററില്‍നിന്ന് പോയിരുന്നു. എന്നാല്‍, ട്യൂഷന്‍ സെന്ററില്‍നിന്നിറങ്ങിയ കുട്ടി വീട്ടിലെത്തിയില്ല. ഇതോടെയാണ് മാതാപിതാക്കള്‍ തിരച്ചില്‍ തുടങ്ങുന്നത്. ഉടൻ പോലീസിലും പരാതി നല്‍കി.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഈ പരിശോധനയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കാവേരി ആശുപത്രിക്കും കുണ്ടലഹള്ളി ഗേറ്റിനും ഇടയിലുള്ള സിസിടിവി ക്യാമറയില്‍ കുട്ടിയുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി.