ബെംഗളൂരു: ബെംഗളൂരു മലയാളികൾ അനുഭവിക്കുന്ന യാത്രാപ്രശ്നങ്ങൾ കേരള ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.). ജനറൽ കൺവീനർ ആർ. മുരളീധറാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയത്.ബെംഗളൂരു, മൈസൂരു ഡിപ്പോകളിലേക്ക് ഓരോ സ്പെയർ ബസ് വീതം അനുവദിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. കേരളത്തിൽനിന്ന് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തുടങ്ങേണ്ട ബസ് സർവീസുകളുടെ റൂട്ട് സംബന്ധിച്ച പട്ടികയും സമർപ്പിച്ചു.
ആവശ്യങ്ങൾ പഠിച്ചശേഷം നടപടികൾ സ്വീകരിക്കാമെന്ന് ഗണേഷ് കുമാർ ഉറപ്പു നൽകിയതായി ആർ. മുരളീധർ പറഞ്ഞു. വോൾവൊ ബസുകളും സ്വിഫ്റ്റ് ബസുകളും ദീർഘദൂര റൂട്ടിൽ ഓടിക്കാൻ പറ്റുന്ന വിധത്തിലുള്ള മറ്റു വണ്ടികളും സഞ്ചാര യോഗ്യമാക്കിയതിനുശേഷം ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് റൂട്ടുകൾ അനുവദിച്ചുതരാമെന്നും മന്ത്രി ഉറപ്പു നൽകി. സംസ്ഥാന ഘടകം അംഗം ജി. സുരേഷ് കുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നിവേദനത്തിൽ സമർപ്പിച്ച ബസുകളുടെ പട്ടിക:* കോഴിക്കോട് – ബെംഗളൂരു (കുറ്റ്യാടി – മാനന്തവാടി വഴി)
* കാഞ്ഞങ്ങാട് – ബെംഗളൂരു (വെള്ളരിക്കുണ്ട്-ചെറുപുഴ-ഇരിട്ടി വഴി)
* കോഴിക്കോട് – മടിക്കേരി (കുറ്റ്യാടി – മൈസൂരു വഴി)* ബെംഗളൂരു – കോട്ടയം (കുമളി വഴി)
* എറണാകുളം – ഹാസൻ (സുൽത്താൻ ബത്തേരി വഴി)
* തലശ്ശേരി – ബെംഗളൂരു (മാഹി-പാനൂർ-കുറ്റ്യാടി-കൽപ്പറ്റ വഴി)
* പയ്യന്നൂർ – ബെംഗളൂരു (ചെറുപുഴ-വെള്ളരിക്കുണ്ട്, സുള്ള്യ, ഹാസൻ വഴി)
* കണ്ണൂർ – മൈസൂരു (മട്ടന്നൂർ-കൊട്ടിയൂർ-മാനന്തവാടി വഴി)
* കോഴിക്കോട് – ശിവമോഗ (സോമവാർപേട്ട് – സക്ലേശ്പുർ വഴി)
* ബെംഗളൂരു – നീലേശ്വരം (മൈസൂരു – മടിക്കേരി- പാണത്തൂർ വഴി)
* ബെംഗളൂരു – കൊല്ലം (സെങ്കോട്ടെ – പുനലൂർ- കൊട്ടാരക്കര വഴി)
* കോഴിക്കോട് – ഹുബ്ബള്ളി (ഹാസൻ – ശിവമോഗ വഴി)
* മലപ്പുറം – ബെംഗളൂരു (താമരശ്ശേരി – കൽപ്പറ്റ -മൈസൂരു വഴി)